അഹമ്മദാബാദ്: ദുബായിൽനിന്ന് 13 കോടി രൂപ വിലമതിക്കുന്ന രണ്ട് വാച്ചുകൾ കടത്താൻ ശ്രമിച്ച രാജസ്ഥാൻ സ്വദേശികളായ ദമ്പതികൾ പിടിയിൽ. ഇരുവരെയും അഹമ്മദാബാദ് വിമാനത്താവളത്തിൽനിന്ന് കസ്റ്റഡിയിലെടുത്തതായി കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു. ദുബായിൽനിന്ന് സർദാർ വല്ലഭ് ഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ഇവരുടെ കൈവശം ശതകോടീശ്വരന്മാരുടെയോ സെലിബ്രിറ്റികളുടെയോ കൈയിൽ കാണപ്പെടുന്ന ഓഡെമർസ് പിഗ്വെറ്റ് റോയൽ ഓക്ക്, റിച്ചാർഡ് മില്ലെ എന്നീ കമ്പനികളുടെ വാച്ചുകളാണ് ഉണ്ടായിരുന്നത്.
ആദ്യം യുവതിയെയാണ് കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തപ്പോൾ വാച്ച് ഭർത്താവ് സമ്മാനമായി നൽകിയതാണെന്നു മറുപടി നൽകി. ഭർത്താവിനെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം അടുത്ത വിമാനത്തിൽ എത്തുമെന്ന് ഇവർ പറഞ്ഞു. തൊട്ടുപിന്നാലെയുള്ള വിമാനത്തിൽ എത്തിയ യുവതിയുടെ ഭർത്താവിനെയും കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. വാച്ച് തന്റേതാണെന്നും അതിന്റെ വില ഏകദേശം 1,000 രൂപയാണെന്നും അദ്ദേഹം പറഞ്ഞു.
തുടർന്ന് വാച്ചിന്റെ ബില്ല് ഹാജരാക്കാൻ കസ്റ്റംസ് ആവശ്യപ്പെട്ടപ്പോൾ ബില്ല് നഷ്ടപ്പെട്ടുവെന്ന് അദ്ദേഹം മറുപടി നൽകി. എന്നാൽ കൂടുതൽ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. തങ്ങൾ രാജസ്ഥാനിലെ പ്രതാപ്ഗഢ് സ്വദേശികളാണെന്നും വാച്ച് കടത്താനായി ദുബായിൽ പോയതായിരുന്നുവെന്നും ഇരുവരും കസ്റ്റംസിന് മൊഴി നൽകി. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.