തിരുവനന്തപുരം: കേരളത്തിൽ കോൺഗ്രസ് കെട്ടിപ്പടുക്കാൻ ഏറ്റവുമധികം ത്യാഗം സഹിച്ച കെ.കരുണാകരനെ രണ്ടു തവണ മുഖ്യമന്ത്രി പദത്തിൽ നിന്നും അട്ടിമറിച്ചവർക്ക് ചരിത്രം മാപ്പു നൽകില്ലെന്ന് ചെറിയാൻ ഫിലിപ്പ്. കരുണാകരന്റെ ചരമവാർഷികം ആചരിക്കുമ്പോഴെങ്കിലും അദ്ദേഹത്തെ വേട്ടയാടിയവർ പശ്ചാത്തപിക്കേണ്ടതാണെന്ന് കെ.കരുണാകരന്റെ 14ാം ചരമവാർഷിക ദിനത്തിൽ ആദരാഞ്ജലി അർപ്പിച്ചു കൊണ്ടുള്ള കുറിപ്പിൽ ചെറിയാൻ ഫിലിപ്പ് പറയുന്നു.
രാജൻ കേസിൽ കരുണാകരനെ കൊലയാളിയായും, ചാരവൃത്തിക്കേസിൽ രാജ്യദ്രോഹിയായും ചിത്രീകരിച്ചവർ മഹാപാപികളാണ്. ചെയ്യാത്ത കുറ്റത്തിന്റെ പേരിലാണ് കരുണാകരനെ പലപ്പോഴും സ്വന്തം പാർട്ടിക്കാർ പോലും ശിക്ഷിച്ചത്. ആരെയും തള്ളിപ്പറയാതെ അദ്ദേഹം എല്ലാ കുറ്റവും സ്വയം ഏറ്റെടുക്കുകയാണ് ചെയ്തത്.
തന്നെ ക്രൂരമായി വിമർശിച്ച രാഷ്ട്രീയ നേതാക്കളോടും മാധ്യമങ്ങളോടും കരുണാകരൻ ഒരിക്കലും അസഹിഷ്ണുത കാട്ടിയിട്ടില്ല.- ചെറിയാൻ ഫിലിപ്പ് പറയുന്നു.തട്ടിൽ എസ്റ്റേറ്റ് മാനേജറുടെ വധ കേസ്, അഴീക്കോടൻ രാഘവൻ വിവാദം, രാജൻ കേസ്, പാമോലിൻ അഴിമതി കേസ്, ഐഎസ്ആർഒ ചാരവൃത്തി കേസ് എന്നിവയിലെല്ലാം ആരോപണ വിധേയനായ കരുണാകരൻ തന്റെ നിരപരാധിത്വം തന്നോട് മരണത്തിന് മുമ്പ് ദീർഘമായി വിശദീകരിച്ചിരുന്നുവെന്ന് ചെറിയാൻ ഫിലിപ്പ് പറയുന്നു.
വിശദമായ അന്വേഷണത്തിലൂടെ പിന്നീട് താൻ കണ്ടെത്തിയ നിഗമനങ്ങൾ മുക്കാൽ ഭാഗവും എഴുതി പൂർത്തിയാക്കിയ ‘ചരിത്രത്തിനൊപ്പം ‘ എന്ന തന്റെ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ചെറിയാൻ ഫിലിപ്പ് പറയുന്നു. 125 അധ്യായങ്ങളുള്ള ചരിത്രപരമായ അനുഭവ സാക്ഷ്യമായ ഈ പുസ്തകം 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ശേഷം അന്നത്തെ കേരള മുഖ്യമന്ത്രി പ്രകാശനം ചെയ്യും.
1982-ൽ പ്രസിദ്ധീകരിച്ച ഇപ്പോഴും വിപണിയിലുള്ള ‘കാൽ നൂറ്റാണ്ട്’ എന്ന കേരള ചരിത്ര ഗ്രന്ഥത്തിന്റെ പിന്തുടർച്ചയായിരിക്കും ഇതെന്നും ചെറിയാൻ ഫിലിപ്പ് പറയുന്നു.