ആലുവ: യുഎപിഎ ഉൾപ്പടെ നിരവധി കേസുകളിലെ പ്രതിയായ കുപ്രസിദ്ധ ഗുണ്ട ഉത്തർപ്രദേശിലെ നേപ്പാൾ അതിർത്തിയിൽ പിടിയിലായി. മലപ്പുറം പെരുമ്പടപ്പ് വെളിയങ്കോട് താന്നിത്തുറക്കൽ വീട്ടിൽ ഷംനാദ് (35)നെയാണ് കേരള ആന്റി ടെററിസ്റ്റ് സ്ക്വാഡിന്റെ സഹായത്തോടെ തൃശൂർ സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്.
എടിഎസ് ഡിഐജി പുട്ട വിമലാദിത്യയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഇയാൾ വലയിലായത്. തടിയന്റവിട നസീർ ഉൾപ്പെട്ട തീവ്രവാദ ശൃംഖലയുമായി അടുത്തബന്ധമുണ്ടായിരുന്നയാളാണെന്ന് പോലീസ് പറഞ്ഞു. വധശ്രമം അടക്കം 22 കേസുകളിലെ പ്രതിയാണ് ഷംനാദ്. 2023 ഓഗസ്ത് 17ന് വെളിയംകോട് സ്വദേശി മുഹമ്മദ് ഫായിസിനെ വധിക്കാൻ ശ്രമിച്ചതിന് തൃശൂർ സിറ്റിയിലെ വടക്കേക്കാട് പോലീസ് സ്റ്റേഷൻ രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ അറസ്റ്റ് ചെയ്തത്.
ഈ കേസിന് ശേഷം വടക്കേ ഇന്ത്യയിലും നേപ്പാളിലും മാറി മാറി ഒളിവിൽ കഴിയുകയായിരുന്നു. 2016ൽ വിജിലൻസ് ചമഞ്ഞ് പെരുമ്പാവൂരിലെ ഒരു വീട്ടിൽക്കയറി സ്വർണാഭരണങ്ങളും മറ്റും കവർച്ച ചെയ്ത കേസിലെ പ്രധാന പ്രതിയാണ് ഇയാൾ. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് വടക്കേക്കാട് കേസിൽ ഉൾപ്പെട്ട് ഒളിവിൽ പോയത്. ഇയാളെ ഒളിവിൽ കഴിയാൻ സഹായിച്ചവരെ ആന്റി ടെററിസ്റ്റ് സ്ക്വാഡ് അന്വേഷിക്കുന്നുണ്ട്.