കൊച്ചി: കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരം പ്രസ് ഇൻഫർമേഷൻ ബ്യൂറോ സംഘടിപ്പിക്കുന്ന മാധ്യമ പര്യടനത്തിന്റെ ഭാഗമായി കേരളത്തിൽ നിന്നുള്ള വനിതാ മാധ്യമ പ്രതിനിധി സംഘം ഗുജറാത്തിലെ റൺ ഉത്സവിൽ പങ്കെടുത്തു. ഗുജറാത്തിന്റെ വികസനം, നവീകരണം, പൈതൃകം എന്നിവ അറിഞ്ഞുകൊണ്ടുള്ള പര്യടനം ഇന്ന് ആറാം ദിവസത്തിലേക്ക് കടന്നു.
പര്യടനം നാളെ (ഡിസംബർ 23 ന്) സമാപിക്കും. പര്യടനത്തിന്റെ അഞ്ച്, ആറ് ദിവസങ്ങളിൽ, പ്രതിനിധി സംഘം റൺ ഓഫ് കച്ച് സന്ദർശിച്ചു.ധോർഡോ ഗ്രാമത്തിലെ സർപഞ്ചായ ശ്രീ മിയ ഹുസൈൻ ഗുൽ ബേഗുമായി മാധ്യമ പ്രവർത്തകർ കൂടിക്കാഴ്ച്ച നടത്തി.2005ൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ആരംഭിച്ച റൺ ഉത്സവത്തിലൂടെ ഒരിക്കൽ ഉപ്പ് നിക്ഷേപത്താൽ തരിശായിരുന്ന ഈ പ്രദേശം ലോകപ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായി മാറിയതിൻ്റെ പ്രചോദനാത്മകമായ കഥ അദ്ദേഹം പങ്കുവെച്ചു.
ഇപ്പോൾ ഒരു സുപ്രധാന വാർഷിക ആഘോഷമായ റൺ ഉത്സവ് പ്രാദേശിക സാമ്പത്തിക വളർച്ചയ്ക്ക് ഉത്തേജനം നൽകുകയും, കരകൗശലവസ്തുക്കളിൽ സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുകയും,പെൺകുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കച്ചിലെ വെറും 550 പേർ മാത്രം വസിക്കുന്ന ഗ്രാമമായ ധോർഡോ, ഇപ്പോൾ റോഡുകൾ, ആശുപത്രികൾ, ഡിജിറ്റൽ ക്ലാസ് മുറികൾ, ബാങ്കിംഗ് സൗകര്യങ്ങൾ തുടങ്ങിയ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളാൽ പരിവർത്തനാത്മക മാറ്റത്തിൻ്റെ ഭാഗമായിരിക്കുന്നു.
പരമ്പരാഗത ഗർബ നൃത്തവും, സഖി കരകൗശല ബസാറിലെ ഷോപ്പിംഗും, ഗുജറാത്തി വിഭവങ്ങളും ആസ്വദിച്ചുകൊണ്ട് ചടുലമായ പ്രാദേശിക സംസ്കാരം അടുത്തറിഞ്ഞായിരുന്നു മാധ്യമ പ്രതിനിധി സംഘം റൺ ഉത്സവിൽ പങ്കെടുത്തത്. വിശാലമായ, അതിശയിപ്പിക്കുന്ന റണിന് നടുവിൽ ടെൻ്റുകളിലെ താമസവും സംഘത്തിന് സവിശേഷ അനുഭവം സമ്മാനിച്ചു.
2025 മാർച്ച് വരെ നടക്കുന്ന റൺ ഉത്സവ് ഗുജറാത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെയും സാമ്പത്തിക വികസനത്തിന്റെയും പ്രതീകമാണ്. ഇത്, ലോകമെമ്പാടുമുള്ള സന്ദർശകരെ ആകർഷിക്കുന്നു. പ്രധാൻ മിയ ഹുസൈൻ ഗുൽ ബേഗ് പ്രതിനിധി സംഘത്തിലെ ഓരോ അംഗത്തിനും പരമ്പരാഗത കച്ചി ഷാൾ സമ്മാനിച്ചു.
പുരാതന ഹാരപ്പൻ പ്രദേശമായ ധോലവീരയും സംഘം സന്ദർശിച്ചു.സന്ദർശനത്തിന്റെ ഭാഗമായി, റോഗന്ചിത്രകലയെ പരിരക്ഷിച്ച് നിലനിര്ത്തുന്ന പദ്മ ശ്രീ അവാർഡ് ജേതാവ് അബ്ദുൾ ഗഫൂർ ഖത്രിയുമായും മാധ്യമ സംഘം കൂടിക്കാഴ്ച നടത്തി. ഗുജറാത്തിലെ കച്ച് ജില്ലയിൽ പ്രചാരത്തിലുള്ള നാല് നൂറ്റാണ്ട് പഴക്കമുള്ള പരമ്പരാഗത റോഗൻ ചിത്രകലയെ കുറിച്ചും സംഘം ഉൾക്കാഴ്ച നേടി.ഭുജിലെ സ്മിതിവൻ ഭൂകമ്പ സ്മാരകവും മ്യൂസിയവും പ്രതിനിധി സംഘം സന്ദർശിച്ചു.