പാലക്കാട്: പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരേ സിപിഐ. സിപിഎമ്മിലെ അനൈക്യവും നേതാക്കളുടെ അഭിപ്രായവ്യത്യാസങ്ങളും പാലക്കാട് തോൽവിക്ക് കാരണമായി എന്നാണ് സിപിഐ വിമർശനം. ജില്ലാ കൗണ്‍സിൽ യോഗത്തിൽ സെക്രട്ടറി കെ.പി.സുരേഷ് രാജ് അവതരിപ്പിച്ച റിപ്പോർട്ടിലാണ് വിമർശനം.
തെരഞ്ഞെടുപ്പുസമയത്തെങ്കിലും നേതാക്കളുടെ വാക്കുകൾ നിയന്ത്രിക്കണമെന്ന അഭിപ്രായമാണ് യോഗത്തിൽ ഉയർന്നത്. പാലക്കാട് മണ്ഡലം കമ്മിറ്റി-തെരഞ്ഞെടുപ്പ് കമ്മറ്റി അവലോകനങ്ങൾ ജില്ലാ കമ്മിറ്റിക്ക് കൈമാറിയിരുന്നു. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടിലാണ് രൂക്ഷവിമർശനം. ഘടകകക്ഷികളെ ഏകോപിപ്പിക്കുന്നതിൽ മുന്നണിക്ക് പിഴവ് പറ്റി.
സിപിഎമ്മിന്റെ സംഘടനാ ദൗർബല്യം തോൽവിയിൽ ഒരു പ്രധാന പങ്ക് വഹിച്ചു. എൽഡിഎഫിന്റെ പത്രപരസ്യവും ട്രോളി ബാഗും പാതിരാറെയ്ഡുമെല്ലാം തിരിച്ചടിച്ചു. പാണക്കാട് സാദിഖലി തങ്ങൾക്കെതിരേയുള്ള മുഖ്യമന്ത്രിയുടെ പരാമർശവും ദോഷമാണുണ്ടാക്കിയത്. ഘടകകക്ഷികൾ പലപ്പോഴും കാര്യങ്ങൾ അറിഞ്ഞില്ല. തെരഞ്ഞെടുപ്പ് കണ്‍വൻഷനുശേഷം മുന്നണി യോഗം കൂടിയത് ഒരു തവണ മാത്രമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
തെരഞ്ഞെടുപ്പ് പ്രഖ്യാപനംമുതലുള്ള ആശയക്കുഴപ്പങ്ങൾ റിപ്പോർട്ടിൽ വിവരിക്കുന്നു. തെരഞ്ഞെടുപ്പുസമയത്തെങ്കിലും നേതാക്കളുടെ വാക്കുകൾ നിയന്ത്രിക്കണമെന്നുൾപ്പെടെയുള്ള അഭിപ്രായം സിപിഎം നേതാവ് കൃഷ്ണദാസിന്റെ പേരു പറയാതെയുള്ള പരാമർശമാണ്. ഉപതെരഞ്ഞെടുപ്പ് അവലോകനറിപ്പോർട്ടിൽ മുതിർന്ന നേതാവും ജില്ലാ നിർവാഹകസമിതി അംഗവുമായ ജോസ് ബേബിക്കും മുഹമ്മദ് മുഹ്സിൻ എംഎൽഎയ്ക്കുമെതിരെ പരാമർശമുണ്ട്.
ചുമതലയേൽപ്പിച്ച മേഖലയിൽ ഇരുവരും വേണ്ടത്ര ഗൗരവത്തോടെ കാര്യങ്ങൾ ഏകോപിപ്പിച്ചില്ലെന്നാണ് ആരോപണം. ഇരുവർക്കുമെതിരേ നടപടിവേണമെന്നും കൗണ്‍സിൽ യോഗത്തിൽ ആവശ്യമുയർന്നു. ഇരുവരും യോഗത്തിനെത്തിയിരുന്നില്ല. മുഹമ്മദ് മുഹ്സിൻ എംഎൽഎക്കെതിരേ തിരുവേഗപ്പുറയിൽനിന്ന് ലോക്കൽ സെക്രട്ടറി നൽകിയ പരാതിയും ചർച്ചയായി.
ഇത് സംസ്ഥാനകമ്മിറ്റിക്ക് കൈമാറും. എംഎൽഎ കാര്യങ്ങൾ പാർട്ടിയുമായി ചർച്ചചെയ്യുന്നില്ലെന്നും പാർട്ടിയിൽ ഇല്ലാത്തവരുമായാണ് ചേർന്നു പോകുന്നതെന്നും യോഗത്തിൽ ആരോപണമുയർന്നു.എൽഡിഎഫിൽ ഘടക കക്ഷികളെ ഏകോപിപ്പിക്കുന്നതിൽ പരാജയമുണ്ടായെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. മുകൾത്തട്ടിലെ യോജിപ്പ് താഴെത്തട്ടിലെത്തിക്കാനായില്ല. ഇതിന് മണ്ഡലത്തിലെ സിപിഎമ്മിന്റെ സംഘടനാ ദൗർബല്യവും കാരണമായെന്നാണ് വിലയിരുത്തൽ.