ന്യൂഡൽഹി: തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള മനുഷ്യക്കടത്തു വർധിക്കുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി നോർക്ക. വ്യാജജോലികൾ വാഗ്ദാനം ചെയ്ത് പ്രവർത്തിക്കുന്ന മനുഷ്യക്കടത്ത് സംഘങ്ങളുടെ വലയിൽ വീഴരുതെന്ന് നോർക്ക അധികൃതർ.തായ്ലൻഡ്, കംബോഡിയ, ലാവോസ്, മ്യാന്മാർ, വിയറ്റ്നാം എന്നീ രാജ്യങ്ങളെ കേന്ദ്രീകരിച്ചാണു മനുഷ്യക്കടത്തുസംഘങ്ങൾ കൂടുതലായും പ്രവർത്തിക്കുന്നത്.
കോൾ സെന്റർ, ക്രിപ്റ്റോ കറൻസി, ബാങ്കിംഗ്, ഷെയർ മാർക്കറ്റ്, ഹണിട്രാപ്പ്, ഓൺലൈൻ തട്ടിപ്പുകളിൽ ഏർപ്പെട്ടിരിക്കുന്ന വ്യാജ കമ്പനികളുടെ ഡിജിറ്റൽ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് എക്സിക്യൂട്ടീവുകൾ മുഖേനയാണ് തൊഴിൽ അന്വേഷിക്കുന്നവരെ കെണിയിൽ വീഴ്ത്തുന്നത്.
ഇതിനു പുറമെ കസ്റ്റമർ സപ്പോർട്ട് സർവീസ് പോലുള്ള തസ്തികകളിലേക്ക് സമൂഹമാധ്യമങ്ങളിൽ പരസ്യം നൽകിയും ഏജന്റുമാർ മുഖേനയും ആളുകളെ കെണിയിൽ വീഴ്ത്തുന്നു. വലിയ ശന്പളവും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്താണ് ഇവരെ വലയിലാക്കുന്നത്.
കെണിയിൽ അകപ്പെടുന്ന ഇവരെ തായ്ലൻഡിൽനിന്ന് അതിർത്തി കടത്തി ലാവോസിലെ ഗോൾഡൻ ട്രയാംഗിൾ സ്പെഷ്യൽ ഇക്കണോമിക് സോണിലും, കംബോഡിയ, മ്യാന്മാർ, വിയറ്റ്നാം തുടങ്ങിയ അയൽ രാജ്യങ്ങളിലേക്കും എത്തിക്കുന്നു.
തുടർന്ന്, ഇവരെ ബന്ദികളാക്കിയ ശേഷമാണ് ഓൺലൈനായും ഫോൺ മുഖേനയുമുള്ള തട്ടിപ്പു നടത്താൻ ഇവരെ ഉപയോഗിക്കുന്നത്. വൻ ശാരീരിക മാനസിക പീഡനങ്ങൾക്കും ഇവർ ഇരയാകുന്നു.