ലക്നൗ: പഞ്ചാബ് ഗുർദാസ്പുരിലെ പോലീസ് പോസ്റ്റിനുനേരേ ഗ്രനേഡ് എറിഞ്ഞ മൂന്നു ഖാലിസ്ഥാൻ ഭീകരർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഉത്തർപ്രദേശിലെ പിലിഭിത്തിലാണ് പോലീസുമായി ഇന്നലെ രാത്രി ഏറ്റുമുട്ടലുണ്ടായത്. ഗുർവീന്ദർ സിംഗ്, വീരേന്ദ്ര സിംഗ്, ജസൻപ്രീത് സിംഗ് എന്നിവരാണു കൊല്ലപ്പെട്ടത്.
ഭീകരരെ പിടികൂടാൻ ശ്രമിച്ചെങ്കിലും ഉത്തർപ്രദേശ്-പഞ്ചാബ് പോലീസ് സംഘത്തിനുനേരേ വെടിയുതിർക്കുകയായിരുന്നു. ഭീകരരിൽനിന്ന് എകെ സീരീസിലെ രണ്ട് റൈഫിളുകളും ഗ്ലോക്ക് പിസ്റ്റളുകളും കണ്ടെടുത്തിട്ടുണ്ട്.
പാക്കിസ്ഥാൻ പിന്തുണയുള്ള ഖാലിസ്ഥാൻ സിന്ദാബാദ് ഫോഴ്സിന്റെ ഭാഗമാണ് ഇവരെന്ന് പഞ്ചാബ് പോലീസ് പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളിൽ പഞ്ചാബിലെ മൂന്ന് പോലീസ് സ്റ്റേഷനുകളാണ് ഇവർ ആക്രമിച്ചത്.