മല്ലികച്ചേച്ചി എന്നേപ്പറ്റി പറഞ്ഞ നല്ല വാക്കുകൾക്കു നന്ദി… ചേച്ചി പറഞ്ഞതിൽ ഒരു സിനിമയുടെ പേര് മാറിപ്പോയിട്ടുണ്ട്. പൃഥ്വിരാജിന്റെ വിലക്ക് തീർക്കാൻ എടുത്ത ചിത്രം സത്യം അല്ല അത്ഭുതദ്വീപ് ആണ്.. പക്രു ആണ് ആ സിനിമയിലെ നായകൻ എന്ന് അനൗൺസ് ചെയ്തു കൊണ്ട് ബാക്കി എല്ലാ നടീനടൻമാരുമായും എഗ്രിമെന്റ് ഇട്ടശേഷം ഷൂട്ടിംഗിന്റെ തലേ ദിവസമാണ് പൃഥ്വിരാജിന്റെ പേര് ഞാൻ വെളിയിൽ വിട്ടത് എന്ന് വിനയൻ.
ബാക്കി എല്ലാരുമായി എഗ്രിമെന്റ് ഉള്ളതുകൊണ്ട് എന്നോടെതിർക്കാൻ സംഘടനാ നേതാക്കൾ അന്നു തയാറായില്ല. പക്ഷേ അതിന്റെ വൈരാഗ്യം അവർ മനസിൽ കുറിച്ചിരുന്നു. പിന്നീടാണല്ലോ അതു പ്രയോഗിച്ചത്.
കുറേ ചിത്രങ്ങൾ വിലക്കിന്റെ പേരിൽ അന്ന് പൃഥ്വിരാജിന് പോയെങ്കിലും അത്ഭുതദ്വീപോടെ ആ വിലക്ക് പൊളിച്ചടുക്കി. യഥാർഥത്തിൽ അന്നാണ് എഗ്രിമെന്റിന്റെ വില മനസിലായത്. 2004 ൽ എഗ്രിമെന്റ് വരുന്നതിനെതിരെ താര സംഘടനയും അവരോടൊപ്പം നിന്ന സംവിധായകരും സമരം പ്രഖ്യാപിച്ചപ്പോൾ അതിനെ ചെറുത്തുതോൽപ്പിച്ചു കൊണ്ട് സത്യം എന്ന സിനിമ ചെയ്തതും ഞാനും പൃഥ്വിരാജും തിലകൻ ചേട്ടനും ലാലു അലക്സും ക്യാപ്റ്റൻ രാജുവും ബാബുരാജും സുരേഷ്കൃഷ്ണയും ചേർന്നായിരുന്നു എന്നതും ഇതിനോടൊപ്പം കൂട്ടി വായിക്കേണ്ടതാണ്. അങ്ങനെയാണ് എഗ്രിമെന്റ് വന്നത്. മലയാള സിനിമയിലെ ഇത്തരം ചരിത്ര സത്യങ്ങളെ തമസ്കരിക്കാനാണല്ലോ നമ്മുടെ സിനിമാ പ്രമുഖർക്കു താല്പ്പര്യം. മല്ലികച്ചേച്ചി ഇത്രയും പറഞ്ഞതു കൊണ്ട് ഇതിപ്പോ ഓർത്തെന്നു മാത്രം നന്ദി. -വിനയൻ