കണ്ണൂര്‍: പയ്യന്നൂര്‍ സിപിഎമ്മില്‍ ഗ്രൂപ്പ് പോര് ശക്തമെന്ന മാധ്യമ വാര്ത്തകള്ക്കടിവരയിട്ട് മേല്‍ക്കമ്മിറ്റി റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം കണ്ടോത്ത് കൂറുംബ ഓഡിറ്റോറിയത്തില്‍ നടന്ന സിപിഎം പയ്യന്നൂര്‍ ഏരിയാ സമ്മേളനത്തെ വിലയിരുത്തി തയാറാക്കിയ റിവ്യൂ റിപ്പോര്‍ട്ടിലാണ് ശുദ്ധീകരണത്തിന്റെ ആവശ്യകത ചൂണ്ടിക്കാണിച്ചിട്ടുള്ളത്.
പയ്യന്നൂരിലെ പാര്‍ട്ടിക്കകത്ത് സാമ്പത്തിക വിഷയത്തെ തുടര്‍ന്നുണ്ടായ സംഘടനാ പ്രശ്നങ്ങള്‍ പൂര്‍ണമായും പരിഹരിക്കപ്പെട്ടിട്ടില്ലെന്നും പ്രശ്നം പരിഹരിക്കുന്നതില്‍ നേതൃത്വത്തിന്റെ ഭാഗത്തുനിന്നും പോരായ്മ ഉണ്ടായിട്ടുണ്ടെന്നും അടിയന്തര പ്രാധാന്യത്തോടെ സംഘടനാ പ്രശ്നങ്ങള്‍ പരിഹരിച്ച് പാര്‍ട്ടിയെ ഒറ്റക്കെട്ടായി കൊണ്ടുപോകണമെന്ന പൊതുവികാരം സമ്മേളനത്തില്‍ ശക്തമായി ഉയര്‍ന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇക്കാര്യങ്ങള്‍ നേരത്തെ ചൂണ്ടിക്കാണിച്ചപ്പോള്‍ അതെല്ലാം മാധ്യമ സൃഷ്ടിയാണെന്നായിരുന്നു നേതൃത്വത്തിന്റെ വാദം.ചിലരെ ഉയര്‍ത്തിക്കാട്ടിയും മറ്റു ചിലരെ താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കുകയും ചെയ്യുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തന രീതിയല്ലെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് നിലനില്‍ക്കുന്ന വിഭാഗീയതയിലേക്ക് റിപ്പോര്‍ട്ട് വിരല്‍ചൂണ്ടുന്നു. വ്യക്തി കേന്ദ്രികൃത വിമര്‍ശനങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന രീതിയോട് ഒരിക്കലും ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് യോജിക്കാന്‍ പറ്റുന്നതല്ല.
വിഭാഗീയമായ ഒരു പ്രവര്‍ത്തനവും സമ്മേളനത്തില്‍ ഉണ്ടാകരുതെന്നും വ്യക്തി കേന്ദ്രീകൃതമായ രീതികളും തുരുത്തുകള്‍ സൃഷ്ടിക്കുന്ന സമീപനവും ഉണ്ടാകരുതെന്നുമുള്ള പാര്ട്ടിക്കത്തിലെ വാക്കുകളും റിപ്പോര്ട്ടിലുദ്ധരിച്ചിട്ടുണ്ട്.വ്യക്തി വിരോധം തീര്‍ക്കാനുള്ള ഒന്നായി സമ്മേളന വേദിയെ ഉപയോഗിക്കരുത് എന്നും പറയുന്നു. ചിലര്‍ക്കെതിരേ “കൊലക്കേസ് എടുക്കണം’ എന്ന പദപ്രയോഗം അതിരുവിട്ടതായി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
സമ്മേളന നടപടികള്‍ അലങ്കോലമാക്കുന്ന തരത്തില്‍ ബഹളംവച്ച് ഇടപെടുകയും സമ്മേളനത്തില്‍നിന്ന് ഇറങ്ങിപ്പോകാന്‍ ചിലര്‍ മുതിര്‍ന്നതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.ജില്ലാ നേതൃത്വം ഇടപെട്ടിട്ടും നേതൃത്വനിരയിലുള്ള ചിലര്‍ ആദ്യഘട്ടത്തില്‍ പിന്തിരിയാതിരുന്നത് ഗൗരവ പരിശോധനയ്ക്ക് വിധേയമാക്കി തിരുത്തേണ്ടതുണ്ടെന്നും പറയുന്നു. പയ്യന്നൂര്‍ സിപിഎമ്മില്‍ ശുദ്ധികലശ സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുകയാണ് റിവ്യൂ റിപ്പോര്‍ട്ട്.