തിരുവനന്തപുരം: വ്യാപക പ്രതിഷേധമുയർന്ന സാഹചര്യത്തിൽ വന നിയമ ഭേദഗതിയില്‍ വനം വകുപ്പ് മാറ്റം വരുത്തിയേക്കും. 31ന് തീരുന്ന ഹിയറിംഗിനു ശേഷം മാറ്റങ്ങൾ വരുത്തുമെന്നാണ് സൂചന. വനം ഉദ്യോഗസ്ഥര്‍ക്കു കൂടുതല്‍ അധികാരം നൽകുന്ന നിയമഭേദഗതിയിലെ ചില വ്യവസ്ഥകള്‍ പുനഃപരിശോധിക്കും.
എതിർപ്പ് ഉയർന്ന വ്യവസ്ഥകളിൽ തിരുത്തു പരിഗണിക്കും. വാറന്റ് ഇല്ലാതെയും കേസ് രജിസ്റ്റർ ചെയ്യാതെയും ആരെയും ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് കസ്റ്റഡിയിലെടുക്കാനുള്ള അനുമതി നൽകുന്നതാണ് പുതിയ നിയമ നിർമാണം. ഇത് പുനഃപരിശോധിച്ചേക്കും. ഫോറസ്റ്റ് ഓഫീസര്‍മാരുടെ കര്‍ത്തവ്യ നിര്‍വഹണത്തില്‍ തടസ്സം സൃഷ്ടിക്കുന്ന ഏതൊരാളെയും സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ മുതല്‍ മുകളിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായി വന്നാല്‍ വാറന്റില്ലാതെ അറസ്റ്റ് ചെയ്യാന്‍ അധികാരം നല്‍കുന്നതാണ് പുതിയ വ്യവസ്ഥ.
വനനിയമ ഭേദഗതിയിൽ പ്രതിപക്ഷവും സഭാ നേതൃത്വവും കേരള കോൺഗ്രസ് മാണി ഗ്രൂപ്പും കടുത്ത എതിർപ്പ് ഉയർത്തിയിരുന്നു. ഭേദഗതി കർഷക വിരുദ്ധമാണെന്ന് കാട്ടി കേരള കോൺഗ്രസ് എം മുഖ്യമന്ത്രിയെ കണ്ടിരുന്നുവെങ്കിലും മന്ത്രിസഭയിൽ ചർച്ച ചെയ്തെടുത്ത തീരുമാനമാണെന്നതിനാൽ പിന്നോട്ടില്ലെന്ന നിലപാടാണ് വനം വകുപ്പ് സ്വീകരിച്ചത്.
അതേസമയം ഭേദഗതിയുടെ മലയാള പരിഭാഷ ഇന്ന് പ്രസിദ്ധപ്പെടുത്തും. ഭേദഗതിയിന്മേൽ ഡിസംബർ 31 വരെ പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാനുള്ള അവസരമുണ്ട്. ഇ-മെയിൽ മുഖേനയും അല്ലാതെയും നിരവധി പരാതികളാണ് ഇതേവരെ വനം വകുപ്പിന് ലഭിച്ചിട്ടുള്ളത്.
പതിനേഴാം തിയതി ആരംഭിക്കാനിരിക്കുന്ന നിയമസഭ സമ്മേളനത്തിൽ ഭേദഗതി അവതരിപ്പിക്കാനാണ് വനംവകുപ്പിന്റെ നീക്കം. ഇതിന് മുന്നോടിയായാണ് ഭേദഗതിയുടെ മലയാള പരിഭാഷ പ്രസിദ്ധീകരിക്കുന്നത്.