വടകര: കരിമ്പനപ്പാലത്ത് കാരവാനില്‍ രണ്ടുപേരെ മരിച്ചനിലയില്‍ കണ്ടെത്തിയതിന്റെ കാരണം തേടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. വാഹനത്തിന്റെ എസിയുടെ തകരാര്‍ മൂലം വിഷവാതകം ശ്വസിച്ച് മരിച്ചതാകാമെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. പക്ഷേ, ഇതുമായി ബന്ധപ്പെട്ട എല്ലാ സാധ്യതകളും പരിശോധിക്കുകയാണ്.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്ന് മരണകാരണം വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്. ഇന്ന് രണ്ടുപേരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനു വിധേയമാക്കും. ബസ് ഡ്രൈവറായ വണ്ടുര്‍ വാണിയമ്പലം പരിയാരത്ത് വീട്ടില്‍ മനോജ് (27), കണ്ണൂര്‍ തട്ടുമ്മല്‍ പറശേരില്‍ വീട്ടില്‍ ജോയല്‍ (26) എന്നിവരെയാണ് ഇന്നലെ രാത്രി 8.30 ഓടെ കാരവാനില്‍ മരിച്ചനിലയില്‍ കണ്ടത്.
വാഹനത്തിന്റെ എസിയും പാര്‍ക്കിംഗ് ലൈറ്റും ഓണായ നിലയിലായിരുന്നു. ഒരാളുടെ മൃതദേഹം വാതില്‍പ്പടിയിലും മറ്റെയാളുടേത് ബര്‍ത്തിലുമാണ് കാണപ്പെട്ടത്.രാത്രിയായതിനാല്‍ ഇന്നലെ കൂടുതല്‍ പരിശോധന ഉണ്ടായിരുന്നില്ല. ഇന്ന് രാവിലെ തന്നെ വിശദ പരിശോധനയിലേക്ക് പോലീസ് നീങ്ങി. ഫോറന്‍സിക്, ഫിംഗര്‍ പ്രിന്റ്, ഡോഗ് സ്ക്വാഡ് തുടങ്ങിയ സജ്ജീകരണങ്ങളുമായാണ് പരിശോധന.
പൊന്നാനി കേന്ദ്രമായ ഫ്രണ്ട്ലൈന് ഹോസ്പിറ്റാലിറ്റി കമ്പനിയുടെ കാരവാനിലാണ് ജീവനക്കാരെ മരിച്ചനിലയില്‍ കണ്ടത്. കെഎല്‍ 54 പി 1060 നമ്പര്‍ കാരവാൻ തിങ്കളാഴ്ച പുലര്‍ച്ചെ മുതലേ കരിമ്പനപ്പാലത്തെ കെടിഡിസിക്ക് സമീപം നിര്‍ത്തിയിട്ടിയിരിക്കുകയായിരുന്നു.വാഹനത്തിലുള്ളവരുമായി ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാതെ വന്നതോടെ വാഹന ഉടമ ജിപിഎസ് ലൊക്കേഷന്‍ പരിശോധിച്ചപ്പോഴാണ് കാരവാന് കരിമ്പനപ്പാലത്തുള്ള കാര്യം മനസിലാകുന്നത്.
തുടര്‍ന്ന് ഇദ്ദേഹത്തിന്റെ വടകരയിലെ സുഹൃത്ത് വന്ന് നോക്കിയപ്പോഴാണ് വാതിലിനോടുചേര്ന്ന് ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. അദ്ദേഹം പോലീസില്‍ അറിയിച്ചതു പ്രകാരം വടകര പോലീസെത്തി പരിശോധിച്ചപ്പോഴാണ് മറ്റൊരു മൃതദേഹം കൂടി കണ്ടെത്തിയത്.
കണ്ണൂരില്‍ വിവാഹത്തിന് ആളെ എത്തിച്ച് മടങ്ങിയ കാരവാന് തിങ്കളാഴ്ച ഉച്ചയ്ക്കു മുമ്പ് പൊന്നാനിയില്‍ തിരിച്ചെത്തേണ്ടതായിരുന്നു. കരിമ്പനപ്പാലത്ത് റോഡരികില്‍ നിര്‍ത്തി ഉറങ്ങിയതാകാമെന്ന് കരുതുന്നു.
റോഡരികില്‍ ഒതുക്കി നിര്‍ത്തിയതിനാല്‍ വാഹനത്തെ ആരും അത്രമാത്രം ശ്രദ്ധിച്ചതുമില്ല. രണ്ട് പേര് മരിച്ചെന്ന വിവരം വന്നതോടെ നിരവധി പേരാണ് ഇവിടെ തടിച്ചുകൂടിയത്. ഇവരെ നിയന്ത്രിക്കാന്‍ പോലീസ് പാടുപെട്ടു.