രണ്ടു വർഷത്തിന് ശേഷം വെല്ലിംഗ്ടൺ ഐലൻഡിലെ കൊച്ചി ഹാർബർ ടെർമിനസിൽ ആഡംബര ടൂറിസം ട്രെയിൻ സർവീസായ “ഗോൾഡൻ ചാരിയറ്റ്’ എത്തി. ആഡംബര വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടുള്ള ട്രെയിനാണ് യാത്രയുടെ ഭാഗമായി കൊച്ചിയിൽ എത്തിയത്. വിദേശികൾ അടക്കം 31 യാത്രക്കാരുമായാണ് ട്രെയിൻ ശനി രാവിലെ ഒന്‍പതോടെ ഐലൻഡിൽ എത്തിയത്.
ബംഗളൂരുവിൽനിന്ന് ആരംഭിച്ച് മൈസൂരു, കാഞ്ചീപുരം, മഹാബലിപുരം, തഞ്ചാവൂർ, കൊച്ചി, ആലപ്പുഴ എന്നിവിടങ്ങളിൽ സഞ്ചരിച്ച് തിരികെ ബംഗളൂരുവിലെത്തുന്ന യാത്രയാണിത്. ഗോള്‍ഡന്‍ ചാരിയറ്റിന്റെ യാത്രകളെ നിയന്ത്രിക്കുന്നത് ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആൻഡ് ടൂറിസം കോര്‍പറേഷനാണ്. റെയിൽവേ തന്നെ ഒരുക്കിയ വാഹനങ്ങളിൽ യാത്രക്കാർ കൊച്ചിയിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു. വൈകിട്ടോടെ യാത്രക്കാരുമായി ട്രെയിൻ ആലപ്പുഴയിലേക്ക് തിരിച്ചു.
വെല്ലിംഗ്ടൺ ഐലന്‍ഡിലെ ഹാർബർ ടെർമിനസിലേക്ക് സാധാരണ ട്രെയിൻ സർവീസ് നടത്താറില്ല. രണ്ടു വർഷം മുന്‍പാണ് ഒരു ചരക്ക് ട്രെയിൻ ഇവിടെ അവസാനമായി എത്തിയത്.
ഗോൾഡൻ ചാരിയറ്റ് ട്രെയിൻ കൊച്ചിയിൽ എത്തുന്നതിനു ദിവസങ്ങൾക്കു മുന്‍പേ തന്നെ കാടു പിടിച്ചിരുന്ന ട്രാക്കുകൾ എല്ലാം റെയിൽവേ അധികൃതർ വൃത്തിയാക്കിയിരുന്നു. മറ്റു ട്രെയിനുകൾ ഇവിടേക്ക് വരാത്തതിനാലാണ് ആഡംബര ട്രെയിൻ ഇവിടെ പാർക്ക് ചെയ്തതെന്ന് റെയിൽവേ അധികൃതർ പറഞ്ഞു.