കണ്ണൂര്‍: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ രൂക്ഷവിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. ആരിഫ് മുഹമ്മദ് ഖാൻ സംഘപരിവാര്‍ അജന്‍ഡ നടപ്പാക്കാന്‍ സ്വീകരിച്ചത് ഭരണഘടനാ വിരുദ്ധമായ കാര്യങ്ങളാണെന്ന് എം.വി. ഗോവിന്ദൻ. പുതിയ ഗവര്‍ണര്‍ ഭരണഘടനയ്ക്ക് വിധേയമായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു
ഇത് അങ്ങേയറ്റം ജനവിരുദ്ധമായ സമീപനമാണ്. ഗവര്‍ണര്‍ ഭരണഘടനാപരമായാണ് പ്രവര്‍ത്തിക്കേണ്ടത്. കമ്യൂണിസ്റ്റാണോ, കോണ്‍ഗ്രസ് ആണെന്നാണോ നോക്കിയിട്ടില്ല. ഭരണഘടനാ വിരുദ്ധമായ നിലപാടാണ് ഗവര്‍ണര്‍ സ്വീകരിച്ചതെന്ന് ഗോവിന്ദൻ കൂട്ടിച്ചേർത്തു.
നിയമസഭ പാസാക്കുന്ന നിയമങ്ങള്‍ക്ക് അംഗീകാരം കൊടുക്കാതിരിക്കുക. സുപ്രീം കോടതി ഇടപെടുമ്പോള്‍ അത് ഒരുതരത്തിലും പൊങ്ങാതെ വരുന്ന രീതിയില്‍ രാഷ്ട്രപതിക്ക് അയക്കുക തുടങ്ങിയ കേട്ടുകേള്‍വിയില്ലാത്ത നിലയിലാണ് പെരുമാറിയത്. അതിനെ വെള്ളപൂശാന്‍ വേണ്ടിയുള്ള ശ്രമമാണ് മാധ്യമങ്ങള്‍ നടത്തിയിട്ടുള്ളത്. അത് തികച്ചും കേരള വിരുദ്ധമായ സമീപനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പുതിയ ഗവര്‍ണര്‍ വന്നിരിക്കുന്നു. ബിജെപിയാണ് നോമിനേറ്റ് ചെയ്യുന്നത്. പരമ്പരാഗത ആര്‍എസ്എസ് -ബിജെപി സംവിധാനത്തെ അടിസ്ഥാനമാക്കിയാണ് ഗവര്‍ണറെ നിയമിക്കുന്നത്. വരുന്ന ഗവര്‍ണറെ പറ്റി മുന്‍കൂട്ടി പ്രവചിക്കാനില്ല. ഭരണഘടനാ രീതിയില്‍ പ്രവര്‍ത്തിക്കണം. ഇടതുപക്ഷജനാധിപത്യമുന്നണിയുമായി ചേര്‍ന്നുപ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നും എം.വി. ഗോവിന്ദന് പറഞ്ഞു.