കുഞ്ഞുങ്ങളുടെ മൂഡ് പലപ്പോഴും പലതാകും. അതിനാൽ കൊച്ചു കുട്ടികളുമൊത്തുള്ള യാത്രകൾ മിക്കപ്പോഴും ടെൻഷൻ നിറഞ്ഞതാകും. പ്രത്യേകിച്ച് ദൂരെ യാത്രകൾ. അത്തരമൊരു യാത്രയുടെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
കൊച്ചു കുഞ്ഞുമൊത്തുളള വിമാന യാത്രയിൽ കുട്ടി കരഞ്ഞു. എന്തോ കുഞ്ഞിന് യാത്രയ്ക്കിടയിലുണ്ടായ അസ്വസ്തതയോ അതോ എന്തെങ്കിലും കണ്ട് ഭയന്നിട്ടോ അവൾ നന്നായി കരഞ്ഞു. കുഞ്ഞിന്റെ കരച്ചിൽ മാറ്റാൻ മാതാപിതാക്കൾ എത്ര ശ്രമിച്ചിട്ടും നടന്നില്ല. അപ്പോഴാണ് വിമാന യാത്രികരിൽ ഒരാളായ ലെബനണന് സ്വദേശിയും ഇവന്റാസ്റ്റിക് എന്ന ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ സിഇഒയും ഉടമയുമായ മിഡോ ബിര്‍ജാവി ബേബി ഷാർക്ക് പാട്ടുമായി എത്തിയത്.
പാട്ട് കേട്ടതും ബാക്കിയുള്ള എല്ലാ യാത്രികരും ഇദ്ദേഹത്തിനൊപ്പം കുഞ്ഞിനെ സന്തോഷിപ്പിക്കാൻ കൂടി. ചിലരാകട്ടെ സംഗീത ഉപകരണങ്ങൾ വരെ എടുത്താണ് കുഞ്ഞിനുള്ളപാട്ട് ആലപിച്ചത്. ബിര്‍ജാവി തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് പാട്ടിന്റെ വീഡിയോ പങ്കുവച്ചത്. 61 ലക്ഷത്തിലധികം ആളുകളാണ് ഈ വീഡിയോ കണ്ടത്.
ഒരു കൊച്ച് കുട്ടിയെ സന്തോഷിപ്പിക്കാനുള്ള ബിര്ജാവിയുടെ ദയയെ നിരവധി പേരാണ് അഭിനന്ദിച്ചത്. ഇത്തരം ഒരു സ്നേഹമാണ് തങ്ങള്‍ എവിടെയും പ്രതീക്ഷിക്കുന്നതെന്നായിരുന്നു ഒരു കാഴ്ചക്കാരന് എഴുതിയത്.