പാലക്കാട്: വിശ്വഹിന്ദ് പരിഷത്ത് പ്രവർത്തകർ സ്കൂളിൽ ക്രിസ്മസ് ആഘോഷം നടത്തിയതിന് അധ്യാപകരെ ഭീഷണിപ്പെടുത്തുകയും ആഘോഷം തടയുകയും ചെയ്ത പാലക്കാട് നല്ലേപ്പിള്ളി ജിഎൽപി സ്കൂളിൽ വീണ്ടും ക്രിസ്മസ് ആഘോഷം. നാടക ക്യാംപിന്റെ ഭാഗമായാണ് കുട്ടികളും നാടകാധ്യാപകരും ചേർന്ന് ക്രിസ്മസ് ആഘോഷിച്ചത്. ആടിയും പാടിയും കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തും കുട്ടികളും അധ്യാപകരും ക്രിസ്മസ് ആഘോഷം ഗംഭീരമാക്കി.
നല്ലേപ്പിള്ളിയിലെ ക്രിസ്മസ് ആഘോഷം ചോദ്യം ചെയ്തതിന് മൂന്ന് വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകരെ ചിറ്റൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് സ്കൂളിന്റെ പത്ത് കിലോമീറ്റർ പരിധിക്കുള്ളിലുള്ള തത്തമംഗലം ജിബി യുപി സ്കൂളിലെ ക്രിസ്മസ് ആഘോഷത്തിനായി ഒരുക്കിയ പുൽക്കൂടും അലങ്കാരങ്ങളും തകർത്തനിലയിൽ കണ്ടെത്തിയിരുന്നു. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് നല്ലേപ്പിള്ളിയിലെ സ്കൂളിൽ വീണ്ടും ക്രിസ്മസ് ആഘോഷിച്ചുകൊണ്ട് വിദ്യാര്‍ഥികളും അധ്യാപകരും രംഗത്തെത്തിയത്.