മുന്‍മന്ത്രി ഇ.പി. ജയരാജന്റെ കഷ്ടകാലം അവസാനിക്കുന്നില്ല. ബന്ധുനിയമ വിവാദത്തിനു പിന്നാലെ മന്ത്രിസ്ഥാനം പോയ ജയരാജന് പുതിയ കുരുക്കായിരിക്കുന്നത് തേക്കാണ്. ഇരുണാവിലുള്ള തന്റെ കുടുംബക്ഷേത്രത്തിന്റെ നവീകരണപ്രവൃത്തിയ്ക്കായി 1200 ക്യൂബിക് മീറ്റര്‍ തേക്ക് വനംവകുപ്പിനോട് ആവശ്യപ്പെട്ടതായാണ് റിപോര്‍ട്ട്. ഒരു സ്വകാര്യ ചാനലാണ് ഇതുസംബന്ധിച്ച രേഖകള്‍ പുറത്തുവിട്ടത്.
മന്ത്രിയായിരിക്കെയാണ് ജയരാജന് തേക്ക് ആവശ്യപ്പെട്ട് വനംമന്ത്രി കെ രാജുവിന് മന്ത്രിയെന്ന നിലയില്‍ തന്റെ ഔദ്യോഗിക ലെറ്റര്‍പാഡില്‍ കത്ത് നല്‍കിയത്. കത്ത് ലഭിച്ചതായി വനം മന്ത്രി കെ രാജു സ്ഥിരീകരിച്ചിട്ടുണ്ട്. ജയരാജന്റെ കത്ത് ലഭിച്ച വനംമന്ത്രി ഇക്കാര്യം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. ഡിഎഫ്ഒ ഇക്കാര്യം പരിശോധിച്ച് കണ്ണവം വനത്തില്‍ ഇത്ര തേക്ക് ലഭ്യമാണോ എന്ന് ഉദ്യോഗസ്ഥരെക്കൊണ്ട് അന്വേഷിപ്പിച്ചു. എന്നാല്‍ കണ്ണവം, തളിപ്പറമ്പ് വനങ്ങളില്‍ ഇത്രയ്ക്ക് തേക്ക് ലഭ്യമല്ലെന്നും ഭീമമായ തുകയാണ് ഇത്രയും തേക്കിന് വിലവരികയെന്നും ഉദ്യോഗസ്ഥര്‍അറിയിച്ചു. സംഭവം പുറത്തായതോടെ ജയരാജനെതിരേ പ്രതിഷേധം ശക്തമായിട്ടുണ്ട്.