ശബരിമല: ശബരിമല മണ്ഡലകാലത്ത് ദർശനത്തിനെത്തിയത് 32.50 ലക്ഷം തീർഥാടകർ.ബുധനാഴ്ച വരെ 32,49,756 പേരാണ് ദർശനത്തിനെത്തിയത്. മുൻവർഷത്തെ അപേക്ഷിച്ച് 4,07,309 തീർഥാടകരുടെ വർധനയാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 28,42,447 പേരാണ് ദർശനം നടത്തിയത്.
സ്പോട്ട് ബുക്കിംഗ് സൗകര്യം പ്രയോജനപ്പെടുത്തി 5,66,571 പേർ ദർശനം നടത്തി. മണ്ഡലപൂജയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളുടെ ഭാഗമായി 25, 26 തീയതികളിൽ സ്പോട്ട് ബുക്കിംഗ് 5000 ആയി പരിമിതപ്പെടുത്തിയിരുന്നെങ്കിലും ശബരിമലയിൽ എത്തിയ എല്ലാ ഭക്തർക്കും ദർശനം ഉറപ്പാക്കിയിട്ടുണ്ട്.
തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തിയ ബുധനാഴ്ച 62,877 പേരാണ് ദർശനത്തിനെത്തിയത്. 9773 പേർ ഇതിൽ സ്പോട്ട് ബുക്കിംഗ് വഴിയെത്തിയതാണ്. ഇന്നലെ ഉച്ചവരെ വെർച്വൽ ക്യു, സ്പോട്ട് ബുക്കിംഗ് മുഖേന 19,968 പേർ എത്തിയെന്നാണ് കണക്ക്. ഇതിൽ 4106 പേർ സ്പോട്ട് ബുക്കിംഗിലൂടെയാണ് എത്തിയത്.
ബുധനാഴ്ചവരെയുള്ള കണക്കനുസരിച്ച് പുല്ലുമേടുവഴി ദർശനത്തിനെത്തിയത് 74,764 പേരാണ്. കഴിഞ്ഞവർഷം ഈ കാലയളവിൽ 69,250 പേരാണ് എത്തിയത്.
പരാതിരഹിത തീർഥാടനകാലമെന്ന് മന്ത്രി വാസവൻ
ശബരിമല: കാലേകൂട്ടി നടത്തിയ തയാറെടുപ്പുകളുടെയും കൂട്ടായ പ്രവർത്തനങ്ങളുടെയും ഫലമാണ് പരാതിരഹിതമായ മണ്ഡല തീർഥാടനകാലമെന്നു മന്ത്രി വി.എൻ. വാസവൻ. മണ്ഡലപൂജാ ക്രമീകരണങ്ങളും മകരവിളക്ക് ഒരുക്കങ്ങളും വിലയിരുത്താൻ ശബരിമല സന്നിധാനത്തു സന്ദർശനത്തിനെത്തിയതായിരുന്നു മന്ത്രി.
ഒരുലക്ഷത്തിലേറെ തീർഥാടകർ വന്ന ദിവസമുണ്ടായിട്ടും ഒരാൾപോലും ദർശനം കിട്ടാതെ മടങ്ങേണ്ടിവന്ന സാഹചര്യമുണ്ടായിട്ടില്ല. 41 ദിവസം പൂർത്തിയാകുമ്പോൾ വന്ന എല്ലാ അയ്യപ്പഭക്തന്മാർക്കും ദർശനം ഉറപ്പാക്കി. പതിനെട്ടാംപടിയിൽ ഒരുമിനിട്ടിൽ 85 മുതൽ 90 പേർ കയറുന്ന സാഹചര്യം സൃഷ്ടിക്കാനായത് ദർശനം സുഗമമാക്കാൻ തുണച്ചു.
വരുമാനം മുൻവർഷത്തെ അപേക്ഷിച്ച് 28 കോടി രൂപയോളം കൂടുതലാണെന്നാണ് പ്രാഥമികമായി ലഭ്യമായ വിവരം. ദർശനംകിട്ടാതെ വന്നതായി ആരും പരാതിപ്പെട്ടിട്ടില്ല.മകരവിളക്ക് ഒരുക്കങ്ങൾ സംബന്ധിച്ചു നാളെ നടക്കുന്ന യോഗത്തിൽ ചർച്ച ചെയ്യുമെന്നും മന്ത്രി അറിയിച്ചു.