തിരുവനന്തപുരം: ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടേയും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ഇന്ത്യയെ നയിച്ച പ്രധാനമന്ത്രിയായിരുന്നു ഡോ. മൻമോഹൻ സിംഗെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
തന്റെ രാഷ്ട്രീയജീവിതത്തിൽ ഭരണഘടനയോടുള്ള കൂറ് അദ്ദേഹം എക്കാലവും കാത്തുസൂക്ഷിച്ചു. നരസിംഹറാവു ഗവൺമെന്റിൽ ധനമന്ത്രിയായിരുന്ന മൻമോഹൻ സിംഗിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ നവഉദാരവൽക്കരണ നയങ്ങൾ ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ അടിമുടി ഉടച്ചു വാർത്തു.
ആ പരിഷ്കാരങ്ങളുടെ ദോഷഫലങ്ങൾ മുൻകൂട്ടിക്കണ്ട ഇടതുപക്ഷം ഉയർത്തിയ എതിർപ്പുകളോട് ജനാധിപത്യമര്യാദ കൈവിടാതെ പ്രതികരിക്കാനുള്ള രാഷ്ട്രീയ ഔന്നത്യം മൻമോഹൻ സിംഗിനുണ്ടായിരുന്നു. ഡോ. മൻമോഹൻ സിംഗിന്റെ അഭാവം ജനാധിപത്യ ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടമാണെന്നും മുഖ്യമന്ത്രി അനുശോചിച്ചു