ന്യൂഡൽഹി: അപാരമായ വിവേകത്തോടെ രാജ്യത്തെ നയിച്ച നേതാവാണ് മൻമോഹൻ സിംഗെന്നും തനിക്ക് ഉപദേഷ്ടാവിനെയും വഴികാട്ടിയെയും നഷ്ടപ്പെട്ടെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അദ്ദേഹത്തിന്റെ വിനയവും സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയും രാജ്യത്തെ പ്രചോദിപ്പിച്ചു.
ദശലക്ഷക്കണക്കിന് ജനങ്ങൾ അത്യധികം അഭിമാനത്തോടെ എന്നും അദ്ദേഹത്തെ ഓർക്കും. ശ്രീമതി കൗറിനെയും കുടുംബത്തെയും അനുശോചനം അറിയിക്കുന്നുവെന്നും രാഹുൽ സമൂഹ മാധ്യമത്തിൽ കുറിച്ചു.
എതിരാളികളുടെ വ്യക്തിപരമായ ആക്രമണങ്ങൾ നേരിടേണ്ടിവന്നിട്ടും രാഷ്ട്രത്തെ സേവിക്കാനുള്ള പ്രതിബദ്ധതയിൽ ഉറച്ചുനിന്ന നേതാവാണ് മൻമോഹൻ സിംഗെന്ന് പ്രിയങ്ക ഗാന്ധി എംപി പറഞ്ഞു. രാഷ്ട്രീയത്തിന്റെ പരുക്കൻ ലോകത്ത് സൗമ്യനായിരുന്നു അദ്ദേഹമെന്നും പ്രിയങ്ക കുറിച്ചു.
കോടിക്കണക്കിനു മനുഷ്യരെ ദാരിദ്ര്യമുക്തരാക്കി: ഖാർഗെ
ന്യൂഡൽഹി: സാമ്പത്തിക ഉദാരവത്ക്കരണത്തിലൂടെയും ക്ഷേമ പദ്ധതികളിലൂടെയൂം കോടി കണക്കിന് ജനങ്ങളുടെ ജീവിതം മാറ്റിമറിച്ച നേതാവായിരുന്നു മൻമോഹൻ സിംഗെന്നു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കോടിക്കണക്കിന് പേരെ ദാരിദ്ര്യത്തിൽനിന്ന് മുക്തനാക്കിയ സമാനതകൾ ഇല്ലാത്ത നേതാവായിരുന്നു മൻമോഹനെന്നും കോൺഗ്രസ് അധ്യക്ഷൻ അഭിപ്രായപ്പെട്ടു.
നേട്ടങ്ങളുടെ ക്രെഡിറ്റ് അവകാശപ്പെടാത്ത നേതാവ്: പി. ചിദംബരം
ന്യൂഡൽഹി: ഡോ. മൻമോഹൻ സിംഗിന്റെ ജീവിതവും പ്രവർത്തനവും ഇന്ത്യയുടെ ചരിത്രത്തിലെ ഒരു സുവർണ അധ്യായമായിരിക്കുമെന്നു മുൻ ധനമന്ത്രി പി. ചിദംബരം. വർഷങ്ങളോളം അദ്ദേഹവുമായി അടുത്ത് പ്രവർത്തിച്ചു. അദ്ദേഹത്തേക്കാൾ വിനയാന്വിതനും ആത്മാഭിമാനമുള്ളവനുമായ ഒരാളെ കണ്ടിട്ടില്ല.
തന്റെ ചരിത്ര നേട്ടങ്ങളിലൊന്നും ഒരിക്കലും അദ്ദേഹം ക്രെഡിറ്റ് അവകാശപ്പെട്ടില്ല. മൻമോഹൻ സിംഗ് ധനമന്ത്രിയായതിനുശേഷം ഇന്ത്യയുടെ കഥ മാറി. തന്റെ ഭരണകാലത്തുടനീളം പാവപ്പെട്ടവരോട് അദ്ദേഹത്തിന് വലിയ സഹാനുഭൂതി ഉണ്ടായിരുന്നെന്നും ചിദംബരം കൂട്ടിച്ചേര്ത്തു.