അത്യുത്സാഹികളും കഠിനാധ്വാനികളുമായവർ ഉയരങ്ങളിലേക്കുള്ള പടവുകൾ കയറിപ്പോകുന്നത് കൗതുകമുള്ള കാഴ്ചയാണ്. ഏതെങ്കിലും വിധത്തിൽ നമ്മളോടടുത്തു നിൽക്കുന്ന, അല്ലെങ്കിൽ നമുക്ക് പ്രിയപ്പെട്ട ആരെങ്കിലുമാണെങ്കിൽ പ്രത്യേകിച്ചും. പൃഥ്വിരാജും ജോജു ജോർജുമൊക്കെ ചേർന്ന ആ ഗണത്തിലാണ് ഉണ്ണി മുകുന്ദനും.
ഉണ്ണിയെ ഞാനാദ്യം കാണുന്നതും പരിചയപ്പെടുന്നതും ബാബു ജനാർദനൻ എഴുതി സംവിധാനം ചെയ്ത ‘ബോംബെ മാർച്ച് 12 ന്റെ ലൊക്കേഷനിലാണ്. കാണാൻ കൗതുകമുള്ള, ഭംഗിയായി ചിരിക്കുന്ന, ജോലിയിൽ അർപ്പണബോധമുള്ള ആ ചെറുപ്പക്കാരൻ പിന്നീട് മലയാള സിനിമയുടെ അവിഭാജ്യ ഭാഗമായി. മല്ലുസിംഗിലൂടെ ഉണ്ണിയുടെ മറ്റൊരു ഭാവം നമ്മൾ കണ്ടു.
പിന്നെയും ഒരുപാട് സിനിമകൾക്ക് ശേഷം മാളികപ്പുറം എന്ന സൂപ്പർഹിറ്റ് സിനിമ ഉണ്ണിയെ കരിയറിലെ ഉയരങ്ങളിൽ എത്തിച്ചു. ഇപ്പോൾ ഇതാ ഉണ്ണി മുകുന്ദൻ എന്ന നടൻ വേറെ ലെവൽ എന്ന് പറയാവുന്ന ഒരു ശ്രേണിയിലേക്ക് എത്തിച്ചേരുന്നു, മാര്‍ക്കോ എന്ന മാസ് ചിത്രത്തിലൂടെ. സ്വന്തം ആരാധകവൃന്ദത്തിന്റെ എണ്ണം പത്തിരട്ടിയും നൂറിരട്ടിയുമാക്കി മാര്‍ക്കോ എന്ന നായകൻ കുതിച്ചുകയറുന്നു.
നിറഞ്ഞു കവിഞ്ഞ തിയറ്ററില്‍ അതിന് സാക്ഷിയാവാൻ കഴിഞ്ഞതിന്റെ അതിരില്ലാത്ത ആഹ്ലാദം ഞാനിവിടെ പങ്കുവയ്ക്കുന്നു. പരാജയങ്ങൾ പഴങ്കഥകൾ മാത്രമാവട്ടെ.. കീഴടക്കാനുള്ള ഉയരങ്ങളത്രയും ഉണ്ണിമുകുന്ദൻ എന്ന അര്‍പ്പണബോധമുള്ള നടനു മുന്നിൽ തലകുനിക്കട്ടെ! അഭിനന്ദനങ്ങൾ ഉണ്ണി, ഷെറീഫ്, ഹനീഫ് അദേനി ആന്‍ഡ് ടീം എന്ന് എം. പത്മകുമാർ പറഞ്ഞു.