അങ്കമാലി: സംസ്ഥാന പാതയിൽ ടെമ്പോ ട്രാവലർ തടി ലോറിയുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. 18 പേർക്ക് പരിക്കേറ്റു. ടെമ്പോ ട്രാവലർ ഡ്രൈവർ പാലക്കാട് തച്ചക്കോട് എലവും പാടം പാരിജാൻ മൻസിലിൽ അബ്ദുൾ മജീദ് (58) ആണ് മരിച്ചത്. ഇന്നു പുലർച്ചെ മൂന്നോടെ അങ്കമാലി നായത്തോട് ജംഗ്ഷന് സമീപം മിനി ഇൻഡസ്ട്രിയൽ ഏരിയക്ക് മുൻന്നിലായിരുന്നു അപകടം.ട
കാറ്ററിംഗ് യൂണിറ്റിലെ തൊഴിലാളികൾ സഞ്ചരിച്ച ട്രാവലർ ആണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ 18 പേരെ അങ്കമാലി എൽഎഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. പെരുമ്പാവൂർ ഭാഗത്തേക്ക് പോയ തടി ലോറിയുമായി എതിർ ദിശയിൽ വന്ന ട്രാവലർ ഇടിക്കുകയായിരുന്നു. റബർ മരക്കഷണങ്ങൾ കയറ്റി പോയ ലോറിയുടെ ഡ്രൈവറിന്റെ ഭാഗത്തെ പ്ലാറ്റ്ഫോമിലും തടി കഷണങ്ങളിലുമാണ് ടെമ്പോ ഇടിച്ചിട്ടുള്ളത്.
പാലക്കാട് കോശി കാറ്ററിംഗ് സ്ഥാപനത്തിലെ ജീവനക്കാരായ സന്ധ്യ (35),അനിത (34), ധന്യ പ്രിയ (38), മിനി ഉദയൻ (39), സജിത.സി ( 34), ഉഷ ( 45), റീന (39), എം. സജിത (38), രജിത (42), ഗീത ( 35 ), യു. സ്മിഷ (41), ശ്രദ്ധ (48), സന്ധ്യ (39), ജലജ (45), ജനതി (35), സിന്ധു (35), വിജി (42), അനിത (34) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ജലജയുടെ നില ഗുരുതരമാണ്. റാന്നിയിലെ കാറ്ററിംഗ് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു അപകടം.