ചെന്നൈ: അണ്ണാ സർവകലാശാല ബലാത്സംഗക്കേസിൽ ഇന്നും വാദം തുടരും. ചെന്നൈ പോലീസിനെതിരേ രൂക്ഷവിമർശനങ്ങളാണു കഴിഞ്ഞ ദിവസം വേദം കേൾക്കവെ മദ്രാസ് ഹൈക്കോടതി ഉന്നയിച്ചത്. കേസിന്റെ എഫ്ഐആർ ചോർന്നത് പോലീസ് ഉദ്യോഗസ്ഥരിൽനിന്നാണെന്നു കോടതി വിമർശിച്ചു.
പെൺകുട്ടി അനുഭവിക്കുന്ന മനോവിഷമത്തിനു സർക്കാർ മാത്രമാണ് ഉത്തരവാദി. പോലീസിന് കാന്പസിൽ വിലക്കേർപ്പെടുത്തിയെന്നും അതേസമയം പ്രതിക്കു പൂർണസ്വാതന്ത്യം നൽകിയെന്നും രൂക്ഷഭാഷയിൽ കോടതി പ്രതികരിച്ചു. കാമ്പസിൽ ദുരനുഭവം നേരിട്ട പെൺകുട്ടികളുണ്ടെങ്കിൽ മുന്നോട്ടുവരണമെന്ന് കോടതി പറഞ്ഞു. പത്തുവർഷമായി പ്രതി കാമ്പസിൽ കയറിയിറങ്ങുന്നുവെന്നും എന്തൊക്കെ സംഭവിച്ചിട്ടുണ്ടെന്ന് ആർക്കറിയാമെന്നും കോടതി ചോദിച്ചു.
പെൺകുട്ടിയെക്കുറിച്ച് മോശമായി സംസാരിക്കാൻ ആർക്കും അവകാശമില്ല. പുരുഷസുഹൃത്തിനൊപ്പം സമയം ചെലവിടുന്നത് അവളുടെ അവകാശമാണ്. ആൺകുട്ടികൾ പെൺകുട്ടികൾക്കൊപ്പം പോകരുതെന്ന് സർവകലാശാലയ്ക്കു പറയാനാകില്ല. വാദം കേൾക്കലിനിടെ സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് അസംബന്ധ പരാമർശങ്ങൾ അനുവദിക്കില്ലെന്നും കോടതി പറഞ്ഞു.
ചെന്നൈ അണ്ണാ സർവകലാശാലാ കാന്പസിലാണ് വിദ്യാർഥിനി പീഡിപ്പിക്കപ്പെട്ടത്. നാലാം വര്‍ഷ വിദ്യാര്‍ഥിക്കൊപ്പം പള്ളിയില്‍ പാതിരാ കുര്‍ബാനയിൽ പങ്കെടുത്ത ശേഷം മടങ്ങിവരുന്നതിനിടെ വിദ്യാര്‍ഥിനി മാനഭംഗത്തിനിരയാകുകയായിരുന്നു. രണ്ടുപേര്‍ ചേര്‍ന്ന് സുഹൃത്തിനെ മർദിച്ച് അവശനാക്കിയശേഷം വിദ്യാര്‍ഥിനിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. കേസിൽ ജ്ഞാനശേഖരൻ(37) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ഡിഎംകെ പ്രവർത്തകനാണെന്നാണ് പ്രതിപക്ഷ ആരോപണം. എന്നാൽ ആരോപണം ഡിഎംകെ തള്ളി.