തിരുവല്ല: നിരവധി പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്ന വരട്ടാറിന്റെ ഇരുകരകളിലും കൈയേറ്റങ്ങള്‍ വ്യാപകമാകുന്നു. മഴുക്കീര്‍ വഞ്ഞിമൂട്ടില്‍ക്കടവിനു സമീപം സ്വകാര്യവ്യക്തികള്‍ വരട്ടാറിന്റെ കരപ്രദേശം കൈയേറി. ഇരുവശവും തിട്ടപിടിച്ച് തെങ്ങിന്‍ തൈകള്‍, വാഴ, കപ്പ, മറ്റ് പച്ചക്കറി വിത്തുകള്‍ എന്നിവ നട്ടിരിക്കുകയാണ്. ഒറ്റനോട്ടത്തില്‍ പുരയിടം പോലെ തോന്നുന്ന തീരപ്രദേശങ്ങളാണ് കൈവശപ്പെടുത്തിയിരിക്കുന്നത്. വരട്ടാറിന്റെ അരികിലൂടെയുള്ള നടവഴിയോട് ചേര്‍ന്നുള്ള കരപ്രദേശമാണിത്. നേരത്തെ വരട്ടാര്‍ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി കൈയേറ്റം ഒരുപരിധിവരെ ഒഴിപ്പിക്കുകയും നീരൊഴുക്ക് പൂര്‍വസ്ഥിതിയിലാക്കാന്‍ ശ്രമം നടന്നിരുന്നതുമാണ്. ഇതെല്ലാം നിലച്ചതോടെയാണ് കൈയേറ്റക്കാര്‍ വീണ്ടും സജീവമായത്.
മധ്യതിരുവിതാംകൂറിലെ പ്രധാന ജലസ്രോതസുകളില്‍ ഒന്നാണ് വരട്ടാര്‍. പമ്പ മുതല്‍ ഇടനാട്, പുതുക്കുളങ്ങര, പടനിലം, വാഴര്‍മംഗലം. ഓതറ, തലയാര്‍, നന്നാട്, തിരുവന്‍വണ്ടൂര്‍ വഴി തിരിഞ്ഞ് വീണ്ടും പമ്പാനദിയില്‍ സംഗമിക്കുന്ന വരട്ടാറിനു 14 കിലോമീറ്റര്‍ നീളമുണ്ടായിരുന്നു. ഒരുകാലത്ത് ജലസമൃദ്ധമായിരുന്ന വരട്ടാര്‍ ഇന്നു ഒഴുക്ക് പൂര്‍ണമായും നിലച്ച് നിശ്ചലമായി. പായലും പോളയും എക്കലും ചെളിയും നിറഞ്ഞിട്ടുണ്ട്. വെള്ളത്തിനു കറുത്ത നിറമായതിനൊപ്പം മാലിന്യങ്ങള്‍ വലിച്ചെറിയുന്നതും പതിവായി. ഇതോടെ വെള്ളത്തിന് അസഹ്യമായ ദുര്‍ഗന്ധവും അനുഭവപ്പെട്ടുവരുന്നു.
നദിയുടെ ഇരുകരകളിലും സമീപത്തുമുള്ള കിണറുകളെ ജലസമ്പുഷ്ടമാക്കിയിരുന്നതും വരട്ടാറിലെ ഉറവയായിരുന്നു. ഇപ്പോള്‍ എക്കല്‍ കൂടി മണല്‍ ഇല്ലാത്തതിനാല്‍ നദിയിലെ സ്വാഭാവിക ശുദ്ധീകരണം നടക്കുന്നില്ല. ഇതു കാരണം ഇവിടെയുള്ള കിണറുകളിലെ വെള്ളത്തിന് ചുവപ്പ് നിറമാണ്. ചെറിയ നീര്‍ച്ചാലുകളില്‍നിന്നും ഒഴുകിവരുന്ന വെള്ളം വരട്ടാറിനെ സമ്പുഷ്ടമാക്കിരുന്നു. മഴുക്കീര്‍ മുതല്‍ ഇരമല്ലിക്കര വരെ ഏകദേശം 23ഓളം കൈത്തോടുകള്‍ വരട്ടാറിന് ഉണ്ടായിരുന്നതാണ്.
കൈത്തോടുകള്‍ പലവ്യക്തികളുടെയും കൈയേറ്റത്തിന്റെ പിടിയിലമര്‍ന്ന് പൂര്‍ണമായും ഇല്ലാതായായി. നാമമാത്രമായ കൈത്തോടുകളായ ഉപ്പുകളത്തില്‍തോട്, മുളംതോട് എന്നിവയും സ്വകാര്യ വ്യക്തികളുടെ പിടിയില്‍ അമര്‍ന്നു. ജലനിര്‍ഗമന മാര്‍ഗങ്ങള്‍ അടച്ചുകൊണ്ട് പലരും തോടു കൈയേറ്റം നടത്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന കൈയേറ്റക്കാര്‍ക്കെതിരെ റവന്യു അധികാരികള്‍ സ്‌റ്റോപ്പ് മെമ്മോ കൊടുത്തിട്ടും തുടര്‍ കൈയേറ്റങ്ങള്‍ തുടരുകയാണ്.