ഇരിട്ടി: കർണാടക വനത്തിൽ കഴിയുന്ന മാവോയിസ്റ്റുകളെ തോക്ക് താഴെവപ്പിച്ച് മുഖ്യധാരയിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ കർണാട സർക്കാർ നടത്തുന്ന ശ്രമം ഫലപ്രാപ്തിയിലേക്കെന്ന് റിപ്പോർട്ടുകൾ. കർണാടക സർക്കാരിന്റെ പുതിയ കീഴടങ്ങൽ നയപ്രകാരം ജയണ്ണ ഒഴികെയുള്ള ആറു പേർ ചിക്കമംഗളൂരു ജില്ലാ ഭരണകൂടത്തിനു മുന്നിലോ ബംഗളൂരുവിലോ കീഴടങ്ങിയേക്കുമെന്നാണു വിവരം. ഇപ്പോഴത്തെ കമാൻഡർ ലത, സുന്ദരി , വനജാക്ഷി വസന്ത, ജീഷ എന്നിവരടക്കം ആറു പേരാണ് കീഴടങ്ങുകയെന്നും സൂചനയുണ്ട്.
സിവിക് ഫോറം ഫോർ പീസ് മാവോയിസ്റ്റുകളുടെ കീഴടങ്ങൽ സാധ്യതകളെക്കുറിച്ച് മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയിരുന്നു. സർക്കാരിൽനിന്ന് അനുകൂല സമീപനമുണ്ടാകുമെന്ന ഉറപ്പിനെത്തുടർന്ന് മാവോയിസ്റ്റുകളോടു കീഴടങ്ങാനും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടു വരാനും ഇവർ പ്രേരിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു. മാവോയിസ്റ്റുകൾക്ക് കീഴടങ്ങൽ പാക്കേജ് ഉൾപ്പെടെയുള്ളവ ഉറപ്പാക്കുന്നതിനുള്ള ചർച്ചകളും നടത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
മാവോയിസ്റ്റ് വിക്രം ഗൗഡ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതും ആന്റി നക്സൽ സേനയുടെ ശക്തമായ പ്രവർത്തനങ്ങളും കാരണം മാവോയിസ്റ്റുകൾക്ക് മറ്റ് മേഖലകളിലേക്കു കടക്കാനോ മറ്റു സംഘങ്ങളുമായി ബന്ധപ്പെടാനോ കഴിയുന്നില്ല. ഇതു കൂടി കീഴടങ്ങലിനു പ്രേരിപ്പിച്ച ഘടകമായാണ് വിലയിരുത്തൽ.
നേരത്തെ കേരള വനമേഖലയിലായിരുന്ന മാവോയിസ്റ്റ് സംഘം കേരളത്തിലെ തണ്ടർ ബോൾട്ട് സംഘമുൾപ്പടെയുള്ള പോലീസിന്റെ ശക്തമായ ഇടപെടലിനെത്തുടർന്നാണ് കർണാടക വനത്തിലേക്കു പിൻവലിഞ്ഞത്. പ്രധാനമായും ചിക്കമംഗളൂരു, ഉഡുപ്പി, ദക്ഷിണ കന്നഡ, ഷിമോഗ ജില്ലകളിലായിരുന്നു ഇവരുടെ പ്രവർത്തനം. ഇതിനിടെയാണ് നേതാവ് വിക്രം ഗൗഡ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.