പൂച്ചാക്കൽ: വേമ്പനാട്ട് കായലിൽ ഊന്നിവലയും ചീനവലയും സ്ഥാപിച്ച് ഉപജീവനം നടത്തിയിരുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികൾ വറുതിയിലായി. ഫാക്ടറികളിൽനിന്ന് പുറന്തള്ളുന്ന മലിനജലവും പോളയും പ്ലാസ്റ്റിക് മാലിന്യവും എക്കലും വേമ്പനാട്ട് കായലിൽ നിറഞ്ഞതോടെ കായൽ മത്സ്യങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞു.
വേമ്പനാട്ട് കായലോരങ്ങളിൽ തീരദേശത്ത് അഴകേകിയ ചീനവലകൾ അപ്രത്യക്ഷമായി. പള്ളിപ്പുറം, പെരുമ്പളം, അരൂക്കുറ്റി, പാണാവള്ളി, അരൂർ, കുമ്പളം, പനങ്ങാട്, ഇടക്കൊച്ചി തുടങ്ങിയ സ്ഥലങ്ങളിലെ തീരദേശവാസികളായ മത്സ്യത്തൊഴിലാളികൾ ആശ്രയിച്ചിരുന്ന ചീനവലകളാണ് അപ്രത്യക്ഷമാകുന്നത്. ചീനവലകളിൽ പണിയെടുത്തിരുന്ന തൊഴിലാളികൾ വരുമാനത്തിനായി മറ്റ് മേഖലകൾ തേടി പോവുകയും ചെയ്തു.
ചെമ്മീൻ, ചെറു മത്സ്യങ്ങൾ എന്നിവയാണ് പ്രധാനമായും ചീനവലകളിൽ നിറയുന്നത്. തടിയുടെ വില കൂടിയതോടെ ചീനവലയുടെ നിർമാണം ഇരുമ്പ് പൈപ്പിലേക്കു മാറ്റി. ചീനവലകളിൽ തൂക്കിയിട്ടിരുന്ന പെട്രോമാക്സിന്റെ ഉപയോഗവും മണ്ണെണ്ണയുടെ ക്ഷാമം മൂലം ഒഴിവാക്കി.
വൈദ്യുതി വിളക്കുകൾ ഉപയോഗിച്ച് ചിലയിടങ്ങളിൽ ചീനവലകൾ പ്രവർ ത്തിക്കുന്നുണ്ടെങ്കിലും കാര്യമായ പ്രയോജനം ലഭിക്കാറില്ല. കായലിൽ വേലിയേറ്റവും ഇറക്കവും നോക്കിയാണ് തൊഴിലാളികൾ കായലിൽ സ്ഥാപിച്ച ഊന്നിയിൽ വലകെട്ടുന്നത്. മാറി മാറി വരുന്ന പക്കം നോക്കി വേണം വാലുവല കെട്ടാൻ എങ്കിലേ മത്സ്യം ലഭിക്കൂ. തെള്ളി ചെമ്മീനാണ് മുഖ്യമായും ലഭിക്കുന്നത്. രണ്ട് ലിങ്ക്സ് അകലത്തിൽ രണ്ട് നിലക്കുറ്റികളും ഓരോ വശത്തും താങ്ങി നിർത്തുന്ന മൂന്നു കുറ്റികളുമാണ് ഊന്നിക്കു വേണ്ടത്.
ഇതിന് വലിയ പൊക്കവും വണ്ണവുമുള്ള അടക്കാമരങ്ങളാണ് ഉപയോഗിക്കുന്നത്. വലയും വള്ളവും എല്ലാം കൂടിയാകുമ്പോൾ ഒരു ലക്ഷം രൂപ ചെലവാകും. മത്സ്യ ലഭ്യത കുറഞ്ഞതോടെ പരമ്പരാഗത തൊഴിലാളികൾ മറ്റ് തൊഴിലുകളിൽ ചേക്കേറുകയാണ്. ഫിഷറീസ് വകുപ്പിന്റെ അനുമതിയോടെ നൂറുരൂപ കരം അടച്ചാണ് ഊന്നിവല മത്സ്യ ബന്ധനം നടത്തിയിരുന്നത്. ഇതിന് മാത്രമേ ലൈസൻസ് പുതുക്കുന്നുള്ളു. മത്സ്യ ബന്ധനം ലാഭകരമല്ലാത്തതിനാൽ ലൈസൻസ് പുതുക്കാത്തവരുമുണ്ട്.
ദേശീയ ജല പാതയ്ക്കുവേണ്ടി ധാരാളം ഊന്നികൾ നീക്കം ചെയ്യുകയും ചെയ്തു. നെൽപ്പാടങ്ങളിൽ കൃഷിയില്ലാത്തതിനെത്തുടർന്ന് അമിതമായ കീടനാശിനി പ്രയോഗവും മത്സ്യലഭ്യത കുറയാൻ കാരണമായിട്ടുണ്ട്. വിനോദ സഞ്ചാര ഭൂപടത്തിൽ സ്ഥാനം പിടിച്ച ചീനവലകൾ ഗ്രാമീണ മേഖലയിലെ പഞ്ചായത്തുകളിൽ ഗ്രാമമുദ്രയായി നിലനിർത്തേണ്ടത് ആവശ്യമാണ്.