മുത്തശിക്കൊപ്പം യാത്രചെയ്യുന്നതിനിടെ മൂന്നു വയസുകാരി കരഞ്ഞതിനെത്തുടർന്നു വിമാനത്തിനുള്ളിൽ കൈയേറ്റം. സപ്പോറോയിൽനിന്നു ഹോങ്കോങ്ങിലേക്കു പോകുകയായിരുന്ന കാത്തെ പസഫിക് വിമാനത്തിലായിരുന്നു സംഭവം.
മൂന്നു വയസുകാരിക്കൊപ്പം യാത്രചെയ്യുകയായിരുന്ന 60 കാരിയും പിൻസീറ്റിലിരുന്ന 32കാരിയും തമ്മിലാണു പ്രശ്നങ്ങളുണ്ടായത്. കുട്ടി കരഞ്ഞതോടെ യുവതി കുട്ടിക്കുനേരേ കുപ്പിവെള്ളം വലിച്ചെറിയുകയായിരുന്നു. കുട്ടിയുടെ മുത്തശി ഇത് ചോദ്യം ചെയ്തതോടെ ഇരുവരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി.
എയർഹോസ്റ്റസുമാരും സഹയാത്രികരും ഇടപെട്ടെങ്കിലും വിമാനത്തിലെ ചെറിയ തലയിണയും മറ്റും ഉപയോഗിച്ച് തമ്മിലടി തുടർന്നു. രാത്രി 9.40ഓടെയായിരുന്നു സംഭവം.
വിമാനം ഹോങ്കോംഗിൽ ലാൻഡ് ചെയ്തതിന് പിന്നാലെ ഇരുവരെയും വിമാനജീവനക്കാർ പോലീസിനു കൈമാറി. ഇരുവരുടെയും കൈകളിൽ ചതവുകളും മുറിവുകളും സംഭവിച്ചിരുന്നു. സംഭവത്തിൽ തുടർ അന്വേഷണം നടക്കുമെന്നു ഹോങ്കോംഗ് വിമാനത്താവള അധികൃതർ വ്യക്തമാക്കി.