വനംവകുപ്പ് സ്ഥാപിച്ച കെണിയിൽ വീഴാതിരുന്ന പുള്ളിപ്പുലിയെ വാലിൽ പിടിച്ചുകറക്കി യുവാവ് കീഴടക്കി. കർണാടകയിലെ തുംകൂരു ജില്ലയിലെ പുരേലഹള്ളിയിലാണു സംഭവം. ആനന്ദ് ആണ് നാട്ടിലിറങ്ങിയ പുള്ളിപ്പുലിയെ അതിസാഹസികമായി പിടികൂടി ഗ്രാമവാസികള്‍ക്കു രക്ഷകനായത്.
ഗ്രാമം പുള്ളിപ്പുലിയുടെ ഭീഷണിയിലായിട്ട് ദിവസങ്ങളായിരുന്നു. ധാരാളം വളത്തുമൃഗങ്ങളെ പുലി വകവരുത്തുകയും ചെയ്തു. പുലിയെ പിടികൂടാൻ വനംവകുപ്പ് കെണിയൊരുക്കിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ, വീണ്ടും പുള്ളിപ്പുലി ഗ്രാമത്തിലെത്തിയതറിഞ്ഞ് നാട്ടുകാർ സംഘടിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
എന്നാല്‍ പുലിയെ പിടികൂടാൻ കഴിയാത്ത സാഹചര്യമായിരുന്നു. ഈ സമയത്താണ് ആനന്ദ് രക്ഷകനാകുന്നത്. പുലിയുടെ പിന്നിലൂടെ പതുങ്ങിയെത്തിയ ആനന്ദ് പുലിയുടെ വാലില്‍ പിടിച്ചുകറക്കി. ഫോറസ്റ്റ് ഉദ്യോഗസ്ഥർ പെട്ടെന്നുതന്നെ പുലിയെ വലയിലുമാക്കുകയും ചെയ്തു. പുലി വലയിലായെന്ന് ഉറപ്പിക്കുംവരെ ആനന്ദ് വാലില്‍നിന്നു പിടിവിട്ടില്ല. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ യുവാവിന്റെ ധീരതയ്ക്ക് അഭിനന്ദനപ്രവാഹമായിരുന്നു. പുലിയെ പിന്നീടു വനത്തില്‍ കൊണ്ടുപോയി തുറന്നുവിട്ടു.