കല്‍പ്പറ്റ: വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം. വിജയന്, മകന് ജിജേഷ് എന്നിവര്‍ വിഷം അകത്തുചെന്നു മരിച്ച സംഭവത്തില്‍ ആത്മഹത്യ പ്രേരണയ്ക്ക് ബത്തേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഉള്‍പ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ മുങ്ങി.
അറസ്റ്റ് ഒഴിവാക്കാനുള്ള തീവ്രശ്രമത്തിലാണ് നേതാക്കള്‍. ഡിസിസി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്, ഡിസിസി മുന്‍ പ്രസിഡന്റും ബത്തേരി എംഎല്‍എയുമായ ഐ.സി. ബാലകൃഷ്ണന്, ഡിസിസി മുന്‍ ട്രഷറര്‍ കെ.കെ. ഗോപിനാഥന് എന്നിവരാണ് മുന്‍കൂര്‍ ജാമ്യം നേടി അറസ്റ്റ് ഒഴിവാക്കാന്‍ നീക്കം നടത്തുന്നത്. കേസിലെ മറ്റൊരു പ്രതിയും ഡിസിസി മുന്‍ പ്രസിഡന്റുമായ പി.വി. ബാലചന്ദ്രന് ജീവിച്ചിരിപ്പില്ല.
അപ്പച്ചന്, ബാലകൃഷ്ണന്, ഗോപിനാഥന് എന്നിവര്‍ നിലവില്‍ ജില്ലയില്‍ ഇല്ലെന്നാണ് വിവരം. മൂവരുടെയും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. അപ്പച്ചനും ബാലകൃഷ്ണനും കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഉണ്ടായിരുന്നതായി പോലീസിനു വിവരമുണ്ട്. കെ.കെ. ഗോപിനാഥന് രഹസ്യ കേന്ദ്രത്തിലാണ്.