ഇരിട്ടി: ഓൺലൈൻ തട്ടിപ്പുകൾ വ്യാപകമായ സാഹചര്യത്തിൽ നിരവധി മുന്നറിയിപ്പുകൾ ലഭിക്കുമ്പോഴും മലയോരം കേന്ദ്രീകരിച്ച് തട്ടിപ്പുകൾ വ്യാപകമാകുന്നു. കഴിഞ്ഞദിവസം ആറളം പഞ്ചായത്തിലെ താമസക്കാരനിൽ നിന്ന് ഓൺലൈൻ തട്ടിപ്പ് സംഘം സിബിഐ ഓഫീസർ എന്ന് പരിചയപ്പെടുത്തി തട്ടിയത് പത്തര ലക്ഷം രൂപ.
കബളിപ്പിക്കപ്പെട്ട വ്യക്തിയുടെ ബിസിനസ് സ്ഥാപനത്തിലെ അക്കൗണ്ടിൽ 10 ലക്ഷം രൂപയുടെ ക്രമക്കേടു നടന്നിട്ടുണ്ടെന്നും അതുപരിഹരിക്കാൻ താൻ പറയുന്ന അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഫോൺ കോൾ.
ഫരീദാബാദിൽ അജയ് ഗുപ്തയുടെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ നമ്പർ ഉപയോഗിച്ച് വാട്സാപ് കോളിലൂടെയാണ് പ്രതി തട്ടിപ്പ് നടത്തിയത്.
10 ലക്ഷം രൂപ കൈപ്പറ്റിയ ശേഷം പത്തുലക്ഷം തിരികെ ലഭിക്കാൻ പിഴയായി അമ്പതിനായിരം രൂപ കൂടി അക്കൗണ്ടിൽ നിക്ഷേപിക്കാൻ ആവശ്യപ്പെടുകയായിരുന്നു. പ്രതി ആവശ്യപ്പെട്ട പ്രകാരം പത്തര ലക്ഷം രൂപ നൽകിയതോടെ ഫോൺ സ്വിച്ച് ഓഫ് ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.