തിരുവനന്തപുരം: ഐഎഎസ് പോരിനെ ചൊല്ലി സർവീസിൽ നിന്നും സസ്പെൻഡ് ചെയ്യപ്പെട്ട മുൻ കൃഷിവകുപ്പ് സ്പെഷൽ സെക്രട്ടറി എൻ. പ്രശാന്തിന്റെ സസ്പെൻഷൻ സർക്കാർ നീട്ടി. 120 ദിവസത്തേക്കാണ് സസ്പെൻഷൻ കാലാവധി വീണ്ടും നീട്ടിയത്. കുറ്റാരോപണ മെമ്മോയ്ക്ക് പ്രശാന്ത് മറുപടി നൽകാത്തതാണ് സസ്പെൻഷൻ നീട്ടാൻ കാരണമായത്.
കുറ്റാരോപണ മെമ്മോയ്ക്ക് മറുപടി നൽകാതെ ചീഫ് സെക്രട്ടറിയോട് മറു ചോദ്യങ്ങളും വിശദീകരണവും ചോദിച്ചത് ഗുരുതര ചട്ടലംഘനമാണെന്നാണ് റിവ്യു കമ്മിറ്റിയുടെ വിലയിരുത്തൽ. റിവ്യു കമ്മിറ്റിയുടെ ശിപാർശ പ്രകാരമാണ് സസ്പെൻഷൻ കാലാവധി നീട്ടിയത്.ഈ മാസം ആറിനാണ് പ്രശാന്തിന് മറുപടി നൽകാനായി അനുവദിച്ച സമയം കഴിഞ്ഞത്.
അതേ സമയം പ്രശാന്ത് ചീഫ് സെക്രട്ടറിയോട് ചോദിച്ച കാര്യങ്ങൾക്ക് ചീഫ് സെക്രട്ടറി മറുപടി നൽകി. കുറ്റാരോപണ മെമ്മോയ്ക്ക് ആദ്യം മറുപടി നൽകേണ്ടതായിരുന്നുവെന്നാണ് ചീഫ് സെക്രട്ടറിയുടെ മറുപടി. തന്റെ ഓഫീസിലെ രേഖകൾ പ്രശാന്തിന് നേരിട്ട് പരിശോധിക്കാമെന്നും ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ മറുപടി നൽകി.
ഡിജിറ്റല്‍ തെളിവുകള്‍ തനിക്ക് കാണണമെന്നാണ് ചീഫ് സെക്രട്ടറിക്ക് നല്കിയ കത്തില്‍ എന്‍. പ്രശാന്ത് ആവശ്യപ്പെട്ടിരുന്നത്. ചീഫ് സെക്രട്ടറിയുടെ ഓഫിസില്‍ വന്നാല്‍ എപ്പോള്‍ വേണമെങ്കിലും തെളിവുകള്‍ കാണാമെന്നും ആദ്യം മെമ്മോയ്ക്ക് മറുപടി നല്‍കണമെന്നുമാണ് ഇപ്പോള്‍ ചീഫ് സെക്രട്ടറിയുടെ നിലപാട്.
അതേസമയം എന്‍.പ്രശാന്തിന് മറുപടി നല്‍കാനുള്ള സമയം 15 ദിവസം നീട്ടി നൽകിയിട്ടുണ്ട്.അതേസമയം മതാടിസ്ഥാനത്തിൽ വാട്ട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്ന ആരോപണത്തിൽ സസ്പെൻഷനിലായിരുന്ന വ്യവസായ വകുപ്പ് ഡയറക്ടർ കെ.ഗോപാലകൃഷ്ണനെ സർവീസിൽ തിരിച്ചെടുത്തു. കെ ഗോപാലകൃഷ്ണന് മെമ്മോയ്ക്ക് മറുപടി നല്‍കിയെന്നും എന്‍.പ്രശാന്ത് നല്‍കിയില്ലെന്നും റിവ്യു കമ്മിറ്റി ചൂണ്ടിക്കാട്ടിയിരുന്നു.
സസ്പെന്ഷന് ശേഷവും സര്‍ക്കാരിനെ വെല്ലുവിളിക്കുന്ന നടപടികളാണ് എന്‍ പ്രശാന്തില്‍ നിന്നുണ്ടായതെന്നും റിവ്യു കമ്മിറ്റി കണ്ടെത്തിയിരുന്നു. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരായ ജയതിലകിനെയും ഗോപാലകൃഷ്ണനെയും പരസ്യമായി സോഷ്യൽ മീഡിയയിലൂടെ അവഹേളിച്ചെന്ന പരാതിയിലാണ് പ്രശാന്തിനെ സസ്പെൻഡ് ചെയ്തത്. ഗോപാലകൃഷ്ണന്റെയും പ്രശാന്തിന്റെയും സസ്പെൻഷൻ ഒരേ കാലയളവിലായിരുന്നു.