കായംകുളം: പത്തിയൂരിൽ കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേർന്നെന്ന വാർത്ത പരന്ന് മണിക്കൂറുകൾക്കുള്ളിൽ മുൻ ഗ്രാമ പഞ്ചായത്തംഗം കോൺഗ്രസിൽ തിരികെ എത്തി. പത്തിയൂർ മുൻ ഗ്രാമപഞ്ചായത്ത് അംഗവും ആശാവർക്കറുമായിരുന്ന ഉഷാകുമാരിയെസിപിഎം മാലയിട്ട് സ്വീകരിച്ച ചിത്രം നവമാധ്യമങ്ങളിൽപ്രചരിച്ചതിന് തൊട്ടു പിന്നാലെ കോൺഗ്രസിൽ തിരികെ എത്തിയത്. തന്നെ തെറ്റിദ്ധരിപ്പിച്ചാണ് സിപി എം നേതാക്കന്മാർ മാലയിട്ട് സ്വീകരിച്ചതെന്നാണ് ഉഷാകുമാരി പറയുന്നത്. ഇതോടെ സി പി എം വെട്ടിലായി.
സ്വന്തം പാർട്ടിയിൽ നിന്നു നേതാക്കളും അണികളും ബിജെപിയിലേക്ക് ഒഴുകുമ്പോൾ പിടിച്ചുനിർത്താൻ ത്രാണിയില്ലാത്ത സിപിഎം നേതൃത്വം പത്തിയൂർ പഞ്ചായത്ത് മുൻ അംഗവും മുൻ ആശാവർക്കറുമായ ഉഷാകുമാരിയെ ആശാവർക്കർമാരുടെ യോഗമുണ്ടെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ക്ഷണിച്ച് മാലയിട്ട് തങ്ങളുടെ പാർട്ടിയിൽ ചേർന്നെന്ന് കൊട്ടിഘോഷിക്കുന്ന കണ്ണൂർ മോഡൽ ആളെ ചേർക്കൽ തന്ത്രം ലജ്ജാവഹമാണെന്ന് കെപിസിസി സെക്രട്ടറി അഡ്വ: ഇ. സമീർ അഭിപ്രായപ്പെട്ടു.
യാഥാർഥ്യം മനസ്സിലാക്കിയ ഉഷാകുമാരി താൻ കോൺഗ്രസുകാരിയാണെന്ന് മാധ്യമങ്ങളോട് പ്രസ്താവിച്ച സ്ഥിതിക്ക് പൊതുപ്രവർത്തനത്തിൽ മാന്യത കാട്ടാത്ത സിപിഎം നേതാക്കൾ ജനങ്ങളോട് മാപ്പ് പറയണമെന്നും സമീർ ആവശ്യപ്പെട്ടു.
വ്യാജപ്രചാരണം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം: കോൺഗ്രസ്
കായംകുളം: കോൺഗ്രസ് മുൻ പഞ്ചായത്തംഗം ഉഷാ കുമാരിയെ തെറ്റിദ്ധരിപ്പിച്ച് പരിപാടി സ്ഥലത്തേക്ക് വിളിപ്പിച്ച് ചുവന്ന മാലയിട്ട് സിപിഎം അംഗത്വം എടുത്തു എന്ന രീതിയിൽ സോഷ്യൽ മീഡിയയിലും നവമാധ്യമങ്ങളിലും വലിയ വാർത്തയാക്കി വ്യാജപ്രചരണം നടത്തി ജനങ്ങളുടെ ഇടയിൽ തെറ്റിദ്ധാരണ വരുത്താനാണ് സിപിഎം ശ്രമിച്ചതെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.
സംഭവം നടന്ന ഉടനെ തന്നെ ഉഷാകുമാരി വിവരം കോൺഗ്രസ് നേതൃത്വത്തെ അറിയിക്കുകയും തുടർന്ന് സോഷ്യൽ മീഡിയയിൽ വാർത്ത പ്രചരിച്ചതിനെ തുടർന്ന് കോൺഗ്രസ് നേതാവ് എം.ജി. മോഹൻ കുമാർ ഇടപെടുകയും മറ്റു നേതാക്കന്മാരോടൊപ്പം ഉഷകുമാരിയെ സന്ദർശിക്കുകയും വ്യാജവാർത്തക്കെതിരെ പ്രതികരിക്കുകയും ചെയ്തതായും കോൺഗ്രസ് നേതാക്കന്മാർ പറഞ്ഞു.
മുമ്പ് ആശാവർക്കർ ആയിരുന്ന തന്നെ പലതവണ മീറ്റിങ്ങിൽ പങ്കെടുക്കുവാൻ വിളിച്ചിട്ടുള്ളതിനാൽ യാതൊരു സംശയവുമില്ലാതെ പോയപ്പോഴാണ് ഒരു ചുവന്ന ഹാരമിട്ട് തന്റെ ഫോട്ടോയെടുത്തതെന്നും തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഇത് പ്രചരിപ്പിക്കപ്പെടുന്നതെന്നും ഉഷാകുമാരി പ്രതികരിച്ചു.
മരണം വരെയും താനും കുടുംബാംഗങ്ങളും കോൺഗ്രസുകാർ ആയിരിക്കുമെന്നും മറ്റൊരു പ്രത്യയശാസ്ത്രത്തിലും വിശ്വാസമില്ല എന്നും അവർ പറഞ്ഞു.