കോട്ടയം: ശബരി വിമാനത്താവളം നിര്‍മാണത്തിന് ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതില്‍ തോട്ടത്തിന്റെ കൈവശക്കാരായ ബിലീവേഴ്സ് ചര്‍ച്ചുമായി ധാരണയിലെത്താന്‍ സാധ്യത. ഉടമസ്ഥാവകാശം സംബന്ധിച്ച് പാലാ കോടതിയില്‍ നിലവിലുള്ള കേസ് രാജിയിലെത്തുന്നില്ലെങ്കില് സ്ഥലം ഏറ്റെടുക്കല്‍ അനിശ്ചിതത്വത്തിലാകും.
ട്രസ്റ്റിനു കീഴില്‍ എസ്റ്റേറ്റിന്റെ ഇപ്പോഴത്തെ അവകാശികളായ അയന ചാരിറ്റബിള്‍ ട്രസ്റ്റ് മേല്‍ക്കോടതിയെ സമീപിക്കുകയോ സ്റ്റേ വാങ്ങുകയോ ചെയ്യുന്ന സാഹചര്യം ഒഴിവാക്കാന്‍ സര്‍ക്കാര്‍ പൊന്നുംവില നല്കി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള സാധ്യതയുണ്ട്.
എരുമേലി സബ് രജിസ്ട്രാര്‍ ഓഫീസില്‍ ചെറുവള്ളി എസ്റ്റേറ്റ് ബിലീവേഴ്സ് ചര്‍ച്ചിന്റെ ഉടമസ്ഥതയില്‍ രജിസ്റ്റര്‍ ചെയ്യുകയും ഏതാനും വര്‍ഷങ്ങള്‍ കരം അടയ്ക്കുകയും ചെയ്തതാണ്. പിന്നീടാണ് രാജമാണിക്യം കമ്മീഷന് പാട്ടക്കരാര്‍ അവസാനിച്ച തോട്ടം സര്‍ക്കാരിന് അവകാശപ്പെട്ടതാണെന്ന് റിപ്പോര്‍ട്ട് നല്കിയതും കരം സ്വീകരിക്കാതെ വന്നതും.
ശബരി വിമാനത്താവളത്തിന് എസ്റ്റേറ്റ് അക്വയര്‍ ചെയ്യുന്നതിനാല്‍ റവന്യു വകുപ്പ് നിശ്ചയിക്കുന്ന തുക കോടതിയില്‍ കെട്ടിവയ്ക്കാനായിരുന്നു സര്‍ക്കാരിന്റെ മുന്‍ തീരുമാനം. എന്നാല്‍, അയന ചാരിറ്റബിള്‍ ട്രസ്റ്റ് ഇതിനോടു യോജിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് പൊന്നുംവില നല്കി ഏറ്റെടുക്കാന്‍ ആലോചനയുള്ളത്. ഇതിലേക്കുള്ള തുക ദുബായ് കേന്ദ്രമായ ചില വ്യവസായികള്‍ സര്‍ക്കാരിന് ഉറപ്പു നൽകിയതായാണ് സൂചന.
സാമൂഹികാഘാത പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഓഗസ്റ്റില്‍ സ്ഥലം ഏറ്റെടുക്കാനുള്ള വിജ്ഞാപനം സര്‍ക്കാര്‍ പുറപ്പെടുവിക്കും. ഇതിനൊപ്പം എസ്റ്റേറ്റിന് സമീപത്തെ സ്വകാര്യ വ്യക്തികളുടെ സ്ഥലവും ഏറ്റെടുക്കേണ്ടത്. അയന ട്രസ്റ്റ് വീണ്ടും കേസിലേക്കു പോയാല്‍ സ്ഥലം നല്‍കേണ്ട സ്വകാര്യ വ്യക്തികള്‍ വീണ്ടും ആശങ്കയിലാകും.
സര്‍ക്കാര്‍ സ്ഥലം അളന്ന് മാര്‍ക്ക് ചെയ്തതിനാല്‍ വില്‍ക്കാനോ ലോണെടുക്കാനോ കൃഷി ചെയ്യാനോ സാധിക്കാതെ വന്നിരിക്കുകയാണ്. മാത്രവുമല്ല സര്‍ക്കാര്‍ അനാസ്ഥയ്ക്കെതിരേ പ്രക്ഷോഭത്തിനും നിയമനീക്കത്തിനും സാഹചര്യമൊരുങ്ങും.കോട്ടയം എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി 2570 ഏക്കര്‍ ഭൂമിയാണ് വിമാനത്താവളത്തിനായി ഏറ്റെടുക്കുന്നത്.
ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്കാന് സാമൂഹിക നീതി വകുപ്പ് മുന്‍ അഡീഷണല്‍ ഡയറക്ടര്‍ പി. പ്രതാപന് ചെയര്‍മാനായി സമിതി രൂപീകരിച്ച് ഈ മാസം ഒന്നിന് റവന്യു വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്. 2013ലെ എല്‍എആര്‍ആര്‍ നിയമപ്രകാരം വിലയിരുത്തി രണ്ട് മാസത്തിനകം ശിപാര്‍ശ സമര്‍പ്പിക്കാണ് ഉത്തരവ്.
വ്യക്തിയോ ട്രസ്റ്റോ കൈവശം വച്ചിരിക്കുന്ന പാട്ട ഭൂമിക്ക് ഉടമസ്ഥാവകാശം ഉണ്ടെന്ന് 2014 ല്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് വിധി നിലനില്‍ക്കുന്ന കാലത്തോളം ചെറുവള്ളി എസ്റ്റേറ്റ് കൈവശക്കാര്‍ക്ക് പൊന്നുംവില നല്‍കേണ്ടിവരും. പൊന്നുംവില നല്കി ഏറ്റെടുത്താലും ശബരിമല വിമാനത്താവളം വികസന നേട്ടമായി അവതരിപ്പിക്കാമെന്നതാണ് സര്‍ക്കാരിന്റെ നേട്ടം.