കൊല്ലം: അടുത്ത രണ്ട് വർഷത്തിനുള്ളിൽ 50 അമൃത് ഭാരത് ട്രെയിനുകൾ കൂടി പുറത്തിറക്കാൻ റെയിൽവേ നടപടികൾ തുടങ്ങി. ഇതിന്റെ നിർമാണ പ്രവർത്തനങ്ങൾ ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ ആരംഭിച്ച് കഴിഞ്ഞു. അമൃത് ഭാരത് രണ്ടാം പതിപ്പ് എന്ന പേരിലാണ് പുതിയ റേക്കുകൾ രൂപകൽപ്പന ചെയ്തിട്ടുള്ളത്.
ഇവയുടെ നിർമാണ പുരോഗതി വിലയിരുത്താൻ കഴിഞ്ഞ ദിവസം കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് ഇന്റഗ്രൽ കോച്ച് ഫാക്ടറി സന്ദർശിക്കുകയും ചെയ്തു. ഒന്നാം പതിപ്പിനെ അപേക്ഷിച്ച് രണ്ടാം പതിപ്പിന്റെ കോച്ചുകളിൽ 12 പ്രധാന മാറ്റങ്ങൾ ഉണ്ടാകും.
സെമി ഓട്ടോമാറ്റിക് കപ്ലിംഗുകൾ, മോഡുലാർ ടോയ്ലറ്റുകൾ, എമർജൻസി ടോക്ക് ബാക്ക് സംവിധാനം, വന്ദേ ഭാരത് എക്സ്പ്രസിന് സമാനമായ ലൈറ്റിംഗ് സിസ്റ്റം, ആധുനിക ഡിസൈനുകളിലുള്ള സീറ്റുകളും ബർത്തുകളും അടക്കമുള്ളവ ഇതിൽ ഉൾപ്പെടുന്നു. ഈ പുതിയ സവിശേഷതകൾ ചാർജിംഗ് പോയിൻ്റുകൾ, മൊബൈൽ ഫോൺ, വാട്ടർ ബോട്ടിൽ ഹോൾഡെ എന്നിവയും ഏപ്പെടുത്തും.
ദീർഘദൂര യാത്രക്കാർക്ക് വളരെ ഉയർന്ന നിലവാരമുള്ള യാത്രാനുഭവം സമ്മാനിക്കുമെന്നാണ് റെയിൽവേ മന്ത്രാലയത്തിന്റെ വിലയിരുത്തൽ.ട്രെയിനുകളിലെ എല്ലാ പാൻട്രി കാറുകളും പുതിയ ഡിസൈനിലായിരിക്കും നിർമിക്കുക.അമൃത് ഭാരതിന്റെ ആദ്യപതിപ്പ് 2024 ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുറത്തിറക്കിയത്.
കഴിഞ്ഞ ഒരു വർഷം സർവീസ് നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ പതിപ്പിൽ കൂടുതൽ മാറ്റങ്ങൾ വരുത്താൻ അധികൃതർ തീരുമാനിച്ചത്. താഴ്ന്ന ഇടത്തരം വരുമാനമുള്ള സാധാരണക്കാർക്ക് താങ്ങാനാവുന്ന നിരക്കുകളിൽ സുഖപ്രദമായ യാത്രാനുഭവം നൽകുന്ന തരത്തിലാണ് പുതിയ കോച്ചുകൾ രൂപകൽപ്പന ചെയ്തിട്ടുള്ളത്. ജനറൽ കോച്ചുകളിൽ അടക്കം ഒട്ടേറെ സവിശേഷതകൾ പുതിയ പതിപ്പിൽ ഉണ്ടാകും.
- എസ്.ആർ. സുധീർ കുമാർ