തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ മേഖലയിൽ തൊഴിൽ വാഗ്ദാനം ചെയ്തു നിരവധി പേരിൽനിന്നു ലക്ഷങ്ങൾ തട്ടിയയാൾ അറസ്റ്റിൽ. പൂവാർ, കല്ലിയവിളാകം, പനയിൽ വീട്ടിൽ സുരേഷ് കുമാറിനെയാണ് (51) തന്പാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. പോർട്ടിലെ ഉയർന്ന ഉദ്യോഗസ്ഥൻ ആണെന്നു തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ പലരിൽ നിന്നായി പണം തട്ടിയത്.
ജോലി ലഭിക്കാത്തതിനെ തുടർന്ന് ഉദ്യോഗാർഥികൾ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ അധികാരികളുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പു മനസിലായത്. തുടർന്നു വിഴിഞ്ഞം തുറമുഖ അധികാരികളുടെ പരാതിയിൽ തന്പാനൂർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ അറസ്റ്റിലായത്.
ഇയാളുടെ പക്കൽ നിന്ന് തുറമുഖവുമായി ബന്ധപ്പെട്ട വ്യാജ രേഖകളും ഐഡി കാർഡും കണ്ടെടുത്തതായും പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.