പത്തനംതിട്ട: പതിനെട്ടുകാരിയെ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ലൈംഗിക ചൂഷണത്തിനു വിധേയരാക്കിയ അറുപതിലധികം ആളുകളെ സംബന്ധിച്ച വിവരങ്ങള്‍ തേടി പോലീസ്. ഇന്നു രാവിലെ പത്തു പേരെ കൂടി കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയുടെ മൊഴി അടിസ്ഥാനപ്പെടുത്തി രണ്ടു പോലീസ് സ്റ്റേഷനുകളിലായി കേസെടുത്തു. ഇലവുംതിട്ട സ്റ്റേഷനില്‍ അഞ്ചുപേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇത്രയധികം ആളുകളെ പ്രതി ചേര്‍ത്ത് ഒരു പീഡനക്കേസ് സംസ്ഥാനത്തു തന്നെ ആദ്യമാണെന്ന് പോലീസ് പറയുന്നു.
13 വയസുള്ളപ്പോള്‍ കുട്ടിയെ ആദ്യം പീഡിപ്പിച്ചതായി പറയുന്ന പ്രക്കാനം വലിയവട്ടം പുതുവല്‍ തുണ്ടിയില്‍ വീട്ടില്‍ സുബിന് (24) ഉള്‍പ്പെടെയുള്ളവരാണ് ഇന്നലെ അറസ്റ്റിലായത്. അറസ്റ്റിലായ മറ്റുള്ളവര്‍ സുബിന്റെ സുഹൃത്തുക്കളും പ്രദേശവാസികളുമാണ്. സന്ദീപ് ഭവനത്തില്‍ എസ്. സന്ദീപ് (30), കുറ്റിയില്‍ വീട്ടില്‍ വി.കെ. വിനീത് (30), കൊച്ചുപറമ്പില്‍ കെ. അനന്ദു (21), അപ്പു ഭവനത്തില്‍ അച്ചു ആനന്ദ് (24) എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍.
അഞ്ചാം പ്രതി ചെമ്പില്ലാത്തറയില്‍ വീട്ടില്‍ സുധി(ശ്രീനി-24) പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ മറ്റൊരു പോക്സോ കേസില്‍ ജയിലിലാണ്. ഇന്നലെ അറസ്റ്റിലായ അഞ്ചുപേരെയും രാത്രി റാന്നി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.ഗ്രാമീണ മേഖലകളിലെ സ്ത്രീ ശാക്തീകരണത്തിനായി പ്രവര്‍ത്തിക്കുന്ന മഹിളാ സമഖ്യ പദ്ധതി പ്രവര്‍ത്തകരോടാണു പെണ്‍കുട്ടി പ്രശ്നങ്ങള്‍ ആദ്യം സൂചിപ്പിച്ചത്.
ഗൗരവം മനസിലാക്കിയ മഹിളാ സമഖ്യ പ്രവര്‍ത്തകര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ വിവരം അറിയിക്കുകകയായിരുന്നു. കൗണ്‍സിലറെ ഉപയോഗിച്ച് സിഡബ്ല്യുസി കുട്ടിയുമായി സംസാരിച്ചു. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിക്കു വിവരം കൈമാറി.ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയോട് പെണ്‍കുട്ടി നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഇലവുംതിട്ട പൊലീസ് സ്റ്റേഷനില്‍ 40 പേര്‍ക്കെതിരേ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു.
പെണ്‍കുട്ടി സിഡബ്ല്യുസിയിലും പോലീസിലും നല്കിയ മൊഴി പ്രകാരം 62 പേര് ലൈംഗിക ചൂഷണത്തിനിരയാക്കിയെന്നാണ് വിവരം. ചൂഷണത്തിനിരയായ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ 18കാരിയായ ഇര തയാറായതോടെയാണു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇരയും മാതാവും പത്തനംതിട്ട വനിതാ പോലീസിലും ഹാജരായി മൊഴി നല്കി.
അസ്വാഭാവിക കേസാണെന്നു മനസിലാക്കിയതോടെ കൂടുതല്‍ വിവരങ്ങള്‍ തേടി അന്വേഷണച്ചുമതല പത്തനംതിട്ട ഡിവൈഎസ്പി എസ്. നന്ദകുമാറിനു കൈമാറി. ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ് കുമാര്‍ നിരീക്ഷണച്ചുമതലയും ഏറ്റെടുത്തു. രണ്ട് പോലീസ് സ്റ്റേഷനുകളിലും നടത്തിയ അന്വേഷണത്തില്‍ കുട്ടി പഠിച്ചുകൊണ്ടിരുന്ന സമയം മുതല്‍ ലൈംഗികാതിക്രമം നേരിട്ടിരുന്നതായി കണ്ടെത്തി.
കുട്ടിക്കു 13 വയസുള്ള സമയത്തു സുഹൃത്തായസുബിനാണ് ആദ്യം പീഡിപ്പിച്ചത്. പിന്നീട് അയാളുടെ സുഹൃത്തുക്കള്‍ ദുരുപയോഗം ചെയ്തു. ഇതിനിടെ ഇരയുടെ നഗ്നചിത്രങ്ങള്‍ ഇവരില്‍ ചിലര്‍ കൈവശപ്പെടുത്തി. കുട്ടിക്കു സ്വന്തമായി മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നില്ല. പിതാവിന്റെ ഫോണാണ് ഉപയോഗിച്ചിരുന്നത്.
ഇതില്‍ രാത്രികാലങ്ങളിലാണ് സന്ദേശങ്ങളും ഫോണ്‍ കോളുകളും എത്തിയിരുന്നത്. ഉപയോഗിച്ചിരുന്ന ഫോണ്‍ രേഖകളില്‍ നിന്നു നാല്പതോളം പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. സ്കൂള്‍ പഠനകാലത്ത് കായിക മത്സരങ്ങളില്‍ പങ്കെടുത്തിരുന്ന കുട്ടിയെ കായിക താരങ്ങളും പരിശീലകരും പീഡിപ്പിച്ചിട്ടുണ്ടെന്നാണ് മൊഴി. പത്തനംതിട്ട ജനറല്‍ ആശുപത്രി പരിസരത്തും ലൈംഗികാതിക്രമം നേരിട്ടതായി പറയുന്നു.