കൊച്ചി: ലൈംഗികാധിക്ഷേപം നടത്തിയെന്ന പരാതിയില്‍ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണൂരിന്റെ ജാമ്യനീക്കം തടയാന്‍ കടുത്ത നടപടികളുമായി പോലീസ്. നിലവില്‍ റിമാന്‍ഡിലുള്ള ബോബി ചെമ്മണൂരിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കാനിരിക്കേയാണ് പോലീസ് നടപടികള്‍ ശക്തമാക്കുന്നത്.
ബോചെ നടത്തിയ മറ്റ് അശ്ലീല പരാമര്ശങ്ങള്കൂടി പരിശോധിക്കുകയാണ് പോലീസ് സംഘം. സമൂഹ മാധ്യമങ്ങള്‍ വഴി നടത്തിയ അശ്ലീല പരാമര്‍ശ വീഡിയോകള്‍ ജാമ്യത്തെ എതിര്‍ത്ത് കോടതിയില്‍ ഹാജരാക്കും. ഇയാള്‍ പലരോടും ഇത്തരത്തില്‍ ദ്വയാര്‍ഥ പ്രയോഗങ്ങള്‍ നടത്തിയതിന് യുട്യൂബ് ചാനലുകളില്പ്പെടെ തെളിവുണ്ടെന്ന് പോലീസ് പറയുന്നത്.
ഇക്കാര്യം മുന്‍നിര്‍ത്തി ബോബി ചെമ്മണൂരിന്റെ ജാമ്യത്തെ എതിര്‍ക്കാനാണ് പോലീസിന്റെ ശ്രമം. മറ്റാരെങ്കിലും ഹണി റോസിന്റേതിന് സമാനമായ പരാതിയുമായി വന്നാല്‍ എഫ്ഐആര്‍ ഇട്ട് വേഗത്തില്‍ നടപടിയുമായി മുന്നോട്ടു പോകാനാണ് പോലീസ് നീക്കം. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 75(1), 75(4), ഐ.ടി ആക്ട് 67 എന്നിവയനുസരിച്ചാണ് ഹണി റോസ് നല്കിയ കേസുമായി ബന്ധപ്പെട്ട് ബോബി ചെമ്മണൂരിനെതിരെ ചുമത്തിയിരിക്കുന്നത്.
ശരീരത്തില്‍ അനുവാദമില്ലാതെ സ്പര്‍ശിക്കുക, സോഷ്യല്‍ മീഡിയയിലൂടെയുള്ള അശ്ലീല അധിക്ഷേപം, ഇവ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചു എന്നെല്ലാമാണ് വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍.
പ്രത്യേക മൊഴി രേഖപ്പെടുത്തും
പിറകേ നടന്ന് ശല്യം ചെയ്തു എന്നുകൂടി ഹണി റോസ് പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടിയുടെ പ്രത്യേക മൊഴി വീണ്ടും രേഖപ്പെടുത്തും. മൊഴി രേഖപ്പെടുത്തിയാല്‍ ബോബിക്കെതിരേ കൂടുതല്‍ വകുപ്പുകള്‍ ചുമത്താനാവും. ഹണി റോസിനെതിരേ അശ്ലീല പരാമര്‍ശം നടത്തുമ്പോള്‍ വേദിയില്‍ ഉണ്ടായിരുന്നവരുടെ മൊഴിയും രേഖപ്പെടുത്തും.
ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെ മോശം കമന്റ് ഇട്ടവര്‍ക്കെതിരേ നല്കിയ പരാതിയിലും അന്വേഷണം ഊര്‍ജിതമാണ്. ഫേസ്ബുക്കിനോട് പോലീസ് വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്. വിവരങ്ങള്‍ ലഭിക്കുന്നത് അനുസരിച്ച് തുടര്‍ അറസ്റ്റുകളും ഉണ്ടാകും.