സോഷ്യല്‍ മീഡിയയില്‍ അപമാനിച്ചു, വ്യക്തി ഹത്യ നടത്തി, ഫോട്ടോ പ്രചരിപ്പിച്ചു… പണം തട്ടി അനുദിനം നാം കേട്ടുകൊണ്ടിരിക്കുന്നതാണിത്… ഇത്തരം സംഭവങ്ങള്‍ വര്‍ധിക്കുമ്പോള്‍ പല പ്രമുഖരും വീഴുന്നതും കണ്ടുകഴിഞ്ഞു. മറ്റെല്ലാ വിഭാഗങ്ങളിലും കുറ്റകൃത്യങ്ങള്‍ കുറഞ്ഞപ്പോള്‍ വര്‍ധനവുണ്ടായത് സൈബര്‍ കേസുകളുടെ എണ്ണത്തില്‍ മാത്രമാണെന്നത് സോഷ്യല്‍ മീഡിയയെ പലരും ദുരുപയോഗം ചെയ്യുന്നു എന്നതിന് തെളിവാണ്.
2024-ൽ സംസ്ഥാനത്ത് 41,394 ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് കേസുകളാണ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടിയിലധികം വരും അത്. സോഷ്യല്‍ മീഡിയ വഴിയുള്ള സൈബര്‍ അക്രമണ കേസുകളിലും കുറവുണ്ടായില്ല. 2024 ലെ ലോക്സഭാതെരഞ്ഞെടുപ്പിലാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ സൈബര്‍ അക്രമ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 42 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പുതുവര്‍ഷത്തില്‍ സൈബര്‍ അക്രമണം അതുപോലെ തുടരുന്നു.
പുകയില കേസുകള്‍ കുറഞ്ഞു, ലഹരിക്ക് പിന്നാലെ
പുകയില ഉല്പന്നങ്ങളുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അതിനു കാരണം പുതുതലമുറ രാസലഹരിക്കു പുറകെയാണെന്ന സൂചന ആശങ്കാജനകമാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ലൈംഗിക അതിക്രമങ്ങള്‍, പോക്സോ കേസുകള്‍, പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍, അപകട മരണങ്ങള്, മിസിംഗ് കേസുകള്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള കുറ്റകൃത്യങ്ങളില്‍ 2024ല്‍ നേരിയ കുറവുണ്ടായതായാണ് കണക്കുകള്‍.
2024 ല്‍ 4,46,917 കേസുകള്‍
2024 ല്‍ മൊത്തം 4,46,917 കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ഒന്‍പതു വര്‍ഷത്തിനിടയില്‍ ഏറ്റവും കുറവ് കുറ്റകൃത്യങ്ങള്‍ രേഖപ്പെടുത്തിയ വര്‍ഷമാണിത്. 2023-2024 ല്‍ 584373, 2022-ല്‍ 454836, 2021-ല്‍ 524926, 2020-ല്‍ 554724, 2019-453082, 2018-512167, 2017-653500, 2016-707870 എന്നിങ്ങനെയാണ് കുറ്റകൃത്യങ്ങളുടെ മൊത്തം എണ്ണം. അതേ സമയം, സൈബര്‍ കേസുകള്‍ 2016 മുതല്‍ കുതിച്ചുകയറുകയാണെന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു. 2016 ല്‍ പോലീസ് രജിസ്റ്റര്‍ ചെയ്തത് വെറും 283 സൈബര്‍ കേസുകള്‍ മാത്രമായിരുന്നു. 2017-320, 2018-340,2019-307, 2020-426, 2021-626, 2022-773 എന്നിങ്ങനെയാണ് സൈബര്‍ കേസുകളുടെ എണ്ണം. 2023 ആയപ്പോഴേക്കും അത് ഒറ്റയടിക്ക് 3295 ലെത്തി. 2024-ല്‍ 3346 ആയി.
കേസുകളില്‍ കുറവ്
സിഗരറ്റ്സ് ആന്‍ഡ് അദര്‍ ടുബാക്കോ പ്രോഡക്ട്സ് (കോട്പ) ആക്ട് പ്രകാരം 2016ല്‍ കേരളത്തില്‍ പോലീസ് രജിസ്റ്റര്‍ ചെയ്തത് 2,31,801 കേസുകളാണെങ്കില്‍ 2024ല്‍ അത് 55,320 എണ്ണമായി ചുരുങ്ങി. കഞ്ചാവ്, എംഡിഎംഎ, ഹാഷിഷ് ഓയില്‍, ചരസ്, എല്‍എസ്ഡി തുടങ്ങി വിവിധ ഇനം മയക്കുമരുന്നുകള്‍ വ്യാപകമായിത്തുടങ്ങിയതോടെ കോട്പ ആക്ട് പ്രകാരമുള്ള കേസുകള്‍ വര്‍ഷം ചെല്ലുന്തോറും കുറഞ്ഞുവരുകയാണെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നു. 2017-162443, 2018-11039, 2019-87646, 2020-46770, 2021-86499, 2022-79045, 2023-76461 എന്നിങ്ങനെയാണ് കോട്പ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകള്‍.
അതേ സമയം കുട്ടികള്‍ക്കെതിരായ അക്രമങ്ങളുമായി ബന്ധപ്പെട്ട് 2024ല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കുറവാണ്. 4727 കേസുകളാണ് 2024ല്‍ രജിസ്റ്റര്‍ ചെയ്തത്. 2023ല്‍ അത് 5903 ഉം 2022ല്‍ 5640 വുമായിരുന്നു. പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമ നിരോധന നിയമം പ്രകാരം കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ ഏറ്റവും കുറവ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതും 2024ലായിരുന്നു.
2023ല്‍ 1,313ഉം 2022ല്‍ 1222 ഉം കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 2024 ല്‍ അത് 1,153 ആയി കുറഞ്ഞു. മിസിംഗ് കേസുകളുടെ എണ്ണത്തിലും 2024ല്‍ കുറവുണ്ട്. 2024 ല്‍ 10,999 കേസുകള്‍ ഈ വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്തു. 2023-ല്‍ 11760, 2022-ല്‍ 11259 എന്നിങ്ങനെയായിരുന്നു കേസുകളുടെ എണ്ണം. 2024-ല്‍ പോലീസിന്റെ പട്ടികയിലുള്ളത് 50,290 ആക്സിഡന്റ് കേസുകളാണ്. 2023-ല്‍ അത് 54,320 ആയിരുന്നു.
സ്വന്തം ലേഖകൻ