പത്തനംതിട്ട: മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച പത്തനംതിട്ട കൂട്ട ബലാത്സംഗ കേസുകളിൽ 13 പേർ കൂടി കസ്റ്റഡിയിൽ. രണ്ടു പോലീസ് സ്റ്റേഷനുകളിലായി ഇതുവരെ 20 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നു കൂടുതൽ അറസ്റ്റ് ഉണ്ടാകും.
കേസിൽ ശനിയാഴ്ച രാത്രി മൂന്ന് പേർ കൂടി അറസ്റ്റിലായിരുന്നു. രാത്രി വൈകി പമ്പയിൽ നിന്നാണ് നിന്നാണ് പ്രതികളെ പിടികൂടിയത്. സംഭവത്തിൽ എഫ്ഐആറുകളുടെ എണ്ണം ഒൻപതായി. പത്തനംതിട്ട, ഇലവുംതിട്ട പൊലീസ് സ്റ്റേഷനുകളിലായാണ് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
പിടിയിലായവരിൽ മൂന്നുപേർ ഓട്ടോറിക്ഷ തൊഴിലാളികളാണ്. മത്സ്യകച്ചവടക്കാരായ സഹോദരങ്ങൾ, പ്ലസ്ടു വിദ്യാർഥി എന്നിവരും അറസ്റ്റിലായവരിലുണ്ട്.
പെൺകുട്ടിയുടെ മൊഴിയിൽ പറയുന്ന ചില ആളുകൾ ജില്ലയ്ക്ക് പുറത്താണെന്നാണ് പോലീസിന് ലഭിച്ച വിവരം. ഈ സാഹചര്യത്തിൽ കൂടുതൽ പ്രതികൾക്കായി ജില്ലയ്ക്ക് പുറത്തും അന്വേഷണം നടത്തും.
അഞ്ചു വർഷത്തിനിടെ 62 പേർ ലൈംഗിക ചൂഷണത്തിന് ഇരയാക്കി എന്നാണ് കായിക താരമായ പെണ്‍കുട്ടിയുടെ മൊഴി. അടുത്ത ദിവസം വിവാഹ നിശ്ചയം തീരുമാനിക്കപ്പെട്ട യുവാവ് ഉള്‍പ്പെടെ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. പെൺകുട്ടി ഉപയോഗിച്ച ഫോണിലേക്ക് പ്രതികളിൽ പലരും അശ്ലീല ദൃശ്യങ്ങൾ അയച്ചുവെന്ന് പോലീസ് കണ്ടെത്തി.