മമ്മൂട്ടി നായകനായി എത്തിയ പ്രീസ്റ്റ് എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് ചുവടുവച്ച ആളാണ് ജോഫിന് ടി. ചാക്കോ. വീണ്ടുമിതാ ആസിഫ് അലിയെ നായകനാക്കി ഒരു സൂപ്പർ ഹിറ്റ് സിനിമ കൂടി മലയാളത്തിന് സമ്മാനിച്ചിരിക്കുകയാണ് ജോഫിൻ. പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ജോഫിന്റെ രേഖാചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തിന്റെ പ്രദർശനം തുടരുന്നതിനിടെ അച്ഛനെ കുറിച്ച് ജോഫിൻ കുറിച്ച വാക്കുകളാണ് ഓരോ മക്കളുടെയും ഹൃദയം തൊടുന്നതാണ്. കഴിഞ്ഞ ഫെബ്രുവരി 14ന് ആയിരുന്നു ജോഫിന്റെ അച്ഛന് ചാക്കോയുടെ വിയോഗം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം…
2012 ,13 കാലം. പഠിത്തത്തിൽ ശ്രദ്ധിക്കാതെ സിനിമ എന്ന് പറഞ്ഞു നടന്നപ്പോൾ, അതിനെ അറിയുന്നവർ മുഴുവൻ എതിർത്തപ്പോൾ ,തിയേറ്ററിൽ പോയി സിനിമ പോലും കാണാത്ത നാട്ടിൽ എല്ലായിടത്തും കർക്കശക്കാരനായ അധ്യാപകൻ എന്നറിയപ്പെട്ടിരുന്ന ചാക്കോ മാഷ് എന്റെ ആച്ച. എന്നോട് ഒരു ദിവസം വന്നു പറഞ്ഞു, സിനിമ എന്താണെന്ന് എനിക്ക് അറിയില്ല. ആ ലോകത്തെ പറ്റി കേൾക്കുന്നതും അത്ര നല്ലതല്ല പക്ഷെ നിന്റെ ആഗ്രഹത്തിന് കുറിച്ചു കാലം ശ്രമിക്കുക. ഒന്നും നടന്നില്ലെങ്കിൽ വിടുക. അടുത്ത പരിപാടി നോക്കുക. നിരാശനായി ജീവിക്കുന്ന അവസ്ഥ വരരുത്. നിനക്ക് സാമ്പത്തിക പ്രശ്ങ്ങൾ ഞാൻ ഉണ്ടാവുന്ന കാലം ഉണ്ടാവില്ല. ഈ ഒരു ഉറപ്പിലാണ് ഞാൻ കൊച്ചിയിലേക്കും സിനിമയിലേക്കും വരുന്നത്.
ആദ്യ സിനിമക്ക് ശേഷം ഉണ്ടായ നാല് വർഷത്തെ ഒരു ഗ്യാപ്പ് ആച്ചക്ക് വല്ലാത്ത വിഷമം ഉണ്ടാക്കിയിരുന്നു. രേഖാചിത്രത്തിന്റെ തിരക്കഥ വായിക്കാൻ കൊടുത്തിരുന്നു. പക്ഷെ അത് നടക്കാനുള്ള ബുദ്ധിമുട്ടിൽ ആച്ചക്ക് വിഷമം ഉണ്ടായത് കൊണ്ടോ എന്തോ അത് വായിച്ചില്ല. അങ്ങനെ എല്ലാം ഓക്കേ ആയി. സിനിമ തുടങ്ങാൻ നിൽക്കുന്ന സമയത്ത് ആസിക്കയും ഞങ്ങളും സ്ക്രിപ്റ്റ് വായനക്ക് വേണ്ടി ഇരുന്ന ദിവസത്തെ രാത്രിയിൽ ഒന്നും പറയാതെ ആച്ച പോയി. കഴിഞ്ഞ ഫെബ്രുവരി 14ന്. എന്റെ സിനിമ ആച്ച കണ്ടില്ല. ഈ അഭിപ്രായങ്ങൾ കേൾക്കാൻ ആച്ച നിന്നില്ല. പക്ഷെ ഈ വിജയവും ഈ സിനിമയും ഞാൻ ആച്ചക്ക് സമർപ്പിക്കുകയാണ്.