പത്തനംതിട്ട: വിദ്യാര്‍ഥിനി തുടര്‍ച്ചയായ ലൈംഗിക പീഡനത്തിന് ഇരയായ സംഭവത്തില്‍ കൂടുതല്‍ കേസുകളെടുത്ത് പോലീസ്. വ്യത്യസ്ത സാഹചര്യങ്ങളിലും സ്ഥലങ്ങളിലുമായാണ് തുടര്‍ച്ചയായ രണ്ടുവര്‍ഷം പീഡനങ്ങള്‍ അരങ്ങേറിയിരിക്കുന്നതെന്നതിനാല് കേസുകളും വൈവിധ്യമാണ്. പ്രതികളില്‍ നല്ലൊരു പങ്കും യുവാക്കളാണ്. മൊഴിപ്രകാരം 62 പേരുകള്‍ കുട്ടികള്‍ നല്‍കിയിട്ടുണ്ടെങ്കിലും ഇവ വിശദമായ പരിശോധിച്ചാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതെന്ന് പോലീസ് പറഞ്ഞു.
നവവരന് മുതല്‍ പ്ലസ്ടു വിദ്യാര്‍ഥികളും തൊഴിലാളികളും എല്ലാം അടങ്ങുന്ന പ്രതിപ്പട്ടിക നാട്ടിലാകെ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്.പത്തനംതിട്ട, ഇലവുംതിട്ട പോലീസ് സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത്. ഇരു സ്റ്റേഷനുകളിലും പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവരികയാണ്.
ഇലവുംതിട്ടയില്‍ ഇന്നലെ ഒമ്പത് എഫ്ഐആറുകള്‍ കുട്ടിയുടെ മൊഴിപ്രകാരം രജിസ്റ്റര്‍ ചെയ്തപ്പോള്‍ പത്തനംതിട്ട സ്റ്റേഷനില്‍ പുതുതായി ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു, ഇതോടെ പത്തനംതിട്ട പോലീസ് രജിസ്റ്റര്‍ ചെയ്ത ഏഴ് കേസുകളിലായി 22 പ്രേര് പിടിയിലായിട്ടുണ്ട്, ഇവരില്‍ നാലുപേര്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളാണ്. ഇലവുംതിട്ടയില്‍ ആറു പേരും അറസ്റ്റിലായി.
പീഡനസംഭവങ്ങളില്‍ ഇരു സ്റ്റേഷനുകളിലുമായി ഇതേവരെ കുറ്റാരോപിതരാണ് അറസ്റ്റിലായത്. കഴിഞ്ഞവര്‍ഷം പ്ലസ് ടൂവിന് പഠിക്കുമ്പോള്‍ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ദീപുവും ഇയാളുടെ സുഹൃത്തുക്കളും ചേര്‍ന്ന് റാന്നി മന്ദിരംപടിയിലെ റബര്‍ തോട്ടത്തില്‍ എത്തിച്ച് കാറിനുള്ളില്‍ വച്ച് പീഡിപ്പിച്ചതായി മൊഴി നല്‍കിയതുപ്രകാരം പത്തനംതിട്ട പോലീസ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ആറു പേര് റാന്നിയില്‍ നിന്നും പിടിയിലായത്.
പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ ഫെബ്രുവരിയില്‍ ഒരു ദിവസം നേരില്‍ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ച കുട്ടിയെ ദീപു വിളിച്ചുവരുത്തി കാറില്‍ രണ്ട് കൂട്ടുകാര്‍ക്കൊപ്പം കയറ്റിക്കൊണ്ടുപോകുകയായിരുന്നു. അവര്‍ മൂവരും, തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ എത്തിയ മറ്റ് മൂന്നുപ്രതികളും പീഡിപ്പിച്ചു. പി ദീപു (22), അനന്ദു പ്രദീപ് (24), അരവിന്ദ് (23), വിഷ്ണു (24), ബിനു ജോസഫ് (39), അഭിലാഷ് കുമാര്‍ (19) എന്നിവരാണ് ഈ കേസില്‍ പിടിയിലായത്.
പത്തനംതിട്ടയിലെ മറ്റ് രണ്ട് കേസുകളിലായി 3 പ്രതികള്‍ പിടിയിലാവാനുമുണ്ട്. ഈ കേസുകളില്‍ കണ്ണന് (21), അക്കു ആനന്ദ് (20), ഒരു കൗമാരക്കാരന് എന്നിങ്ങനെ പിടിയിലായിട്ടുണ്ട്. മറ്റൊരു കേസില്‍ നന്ദുവും (25) അറസ്റ്റിലായ കൂട്ടത്തില്‍ പെടും.
ജനറല്‍ ആശുപത്രിയിലും പീഡിപ്പിച്ചു, നാലു പേര് കുറ്റാരോപിതര്‍
പതിനെട്ടുകാരിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പീഡിപ്പിച്ചെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ നാലുപേര്‍ക്കെതിരേ പത്തനംതിട്ട പോലീസ് മറ്റൊരു കേസുകൂടി എടുത്തു. കഴിഞ്ഞവര്‍ഷം ജനുവരിയിലാണ് ഇവര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ കുട്ടിയെ കൂട്ട ബലാല്‍സംഗത്തിനിരയാക്കിയത്.
പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ നിന്നു കാറില്‍ കടത്തിക്കൊണ്ടുപോയി തോട്ടുപുറത്തെ പൂട്ടിയിട്ട കടയുടെ സമീപത്ത് കാറില്‍ വച്ച് രണ്ടുപേര്‍ പീഡിപ്പിച്ചതായി പെണ്‍കുട്ടി വെളിപ്പെടുത്തിയാതുപ്രകാരം എടുത്ത കേസാണ് മറ്റൊന്ന്. ലൈംഗികമായി പീഡിപ്പിച്ചശേഷം ഇവര്‍ വീടിനരികില്‍ ഇറക്കിവിട്ടതായും പറയുന്നു.
കഴിഞ്ഞവര്‍ഷം ജൂലൈയിലാണ് സംഭവം. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ചാണ് പ്രതികളില്‍ പലരെയും പരിചയപ്പെട്ടതും, കുട്ടിയെ പലയിടങ്ങളിലേക്കും വാഹനങ്ങളില്‍ കൊണ്ടുപോയി പീഡനത്തിനു വിധേയയാക്കിയതെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
ഡിഐജിക്ക് അന്വേഷണച്ചുമതല
തിരുവനന്തപുരം റേഞ്ച് ഡിഐജി അജിതാ ബീഗത്തിന്റെ മേല്‍നോട്ടത്തിലും ജില്ലാ പോലീസ് മേധാവി വി. ജി. വിനോദ് കുമാറിന്റെ നേതൃത്വത്തിലുമായിരിക്കും പുതിയ സംഘം കേസുകള്‍ അന്വേഷിക്കുക. പത്തനംതിട്ട ഡിവൈഎസ്പി എസ്. നന്ദകുമാറാണ് അന്വേഷണോദ്യോഗസ്ഥന്.
പത്തനംതിട്ട പോലീസ് ഇന്‍സ്പെക്ടര്‍ ഡി. ഷിബുകുമാര്‍, ഇലവുംതിട്ട പോലീസ് ഇന്‍സ്പെക്ടര്‍ ടി കെ വിനോദ് കൃഷ്ണന്, റാന്നി പോലീസ് ഇന്‍സ്പെക്ടര്‍ ജിബു ജോണ്‍, വനിതാ പോലീസ് സ്റ്റേഷന് എസ് ഐ കെ ആര് ഷെമി മോള് ഉള്‍പ്പെടെ വിവിധ പോലീസ് സ്റ്റേഷനുകളിലെ വ്യത്യസ്ത റാങ്കുകളില്‍പ്പെട്ട 25 പോലീസ് ഉദ്യോഗസ്ഥര്‍ അടങ്ങുന്നതാണ് പ്രത്യേകഅന്വേഷണസംഘം.
അന്വേഷണപുരോഗതി ദിവസവും ജില്ലാ പോലീസ് മേധാവി നേരിട്ട് വിലയിരുത്തും. ശാസ്ത്രീയ തെളിവുകള്‍ അടക്കം പോലീസ് ശേഖരിച്ചുവരികയാണ്. മൊബൈല്‍ ഫോണുകളും മറ്റും പരിശോധിച്ച് വിശദമായ അന്വേഷണം തുടരുകയാണെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.