തിരുവനന്തപുരം: പി.വി. അൻവറിന്റെ യുഡിഎഫ് പ്രവേശനം സംബന്ധിച്ച് മുന്നണിയിൽ ഭിന്നാഭിപ്രായം നിലനിൽക്കെ വരാൻ പോകുന്ന ഉപതെരഞ്ഞെടുപ്പിൽ അൻവർ കോൺഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത് അൻവറിനുതന്നെ ഇരുട്ടടിയായി മാറി. കോണ്‍ഗ്രസിലെ ആഭ്യന്തര കാര്യത്തിൽ മുതിർന്ന നേതാക്കൾ തീരുമാനമെടുക്കേണ്ടതിനെ മറികടന്ന് യുഡിഎഫിൽ ഒരു റോളും ഇല്ലാത്ത അൻവർ ഇന്നലെ സ്ഥാനാർഥി പ്രഖ്യാപനം നടത്തിയതാണ് യുഡിഎഫ് കേന്ദ്രങ്ങളിൽ അനിഷ്ടമുണ്ടാക്കിയിരിക്കുന്നത്. ഇത് അൻവറിന്റെ യുഡിഎഫ് പ്രവേശനത്തിനുതന്നെ തടസമുണ്ടാക്കിയേക്കുമെന്നു മുതിർന്ന യുഡിഎഫ് നേതാക്കൾ വിലയിരുത്തുന്നു.
നിലന്പൂരിലെ നിയമസഭാംഗത്വം രാജിവച്ചശേഷം ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് അൻവർ താൻ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും യുഡിഎഫിന് നിരുപാധിക പിന്തുണ നൽകുമെന്നും പ്രഖ്യാപിച്ചത്. മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ്. ജോയിയെ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിപ്പിക്കണമെന്നും അൻവർ നിർദേശിച്ചു. ഈ നിർദേശമാണ് കോണ്‍ഗ്രസ് നേതൃത്വത്തെയും യുഡിഎഫിലെ നേതാക്കളെയും ചൊടിപ്പിച്ചിരിക്കുന്നത്.
നേരത്തെ യുഡിഎഫിലേക്ക് ചേക്കേറാൻ പല വഴികളും നോക്കിയിട്ടും നടക്കാതെ വന്നതോടെ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായുള്ള തൃണമൂൽ കോണ്‍ഗ്രസിൽ ചേർന്ന് വളഞ്ഞവഴിയിലൂടെ യുഡിഎഫിലേക്ക് കടക്കാൻ അൻവർ നോക്കുകയാണെന്ന വിമർശനവും ഉയർന്നിട്ടുണ്ട്. അൻവറിന്റെ സ്ഥാനാർഥി പ്രഖ്യാപനം കോണ്‍ഗ്രസിനുള്ളിൽ ആഭ്യന്തര കലഹം ഉണ്ടാക്കുന്ന നിലപാടായാണ് കോണ്‍ഗ്രസ് നേതാക്കളിൽ ചിലർ നോക്കിക്കാണുന്നത്.
നിലന്പൂർ സീറ്റ് ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തിനെ പരിഗണിക്കാതിരിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായിട്ട് കൂടിയാണ് വി.എസ്. ജോയിയെ സ്ഥാനാർഥിയാക്കണമെന്ന അൻവറിന്റെ പ്രഖ്യാപനമെന്നും പറയുന്നു. ക്രിസ്ത്യൻ ന്യൂനപക്ഷത്തിന്റെ പ്രതിനിധി കൂടിയായ വി.എസ്. ജോയി നല്ല ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നുമുള്ള അൻവറിന്റെ പ്രഖ്യാപനം സ്വന്തം ഇമേജ് കൂട്ടാനുള്ള തന്ത്രമാണെന്നും വിലയിരുത്തുന്നുണ്ട്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ നടത്തിയ 150 കോടി രൂപയുടെ അഴിമതി ആരോപണത്തിലും രാഹുൽ ഗാന്ധിക്കെതിരേ നടത്തിയ പൊളിറ്റിക്കൽ ഡിഎൻഎ പ്രയോഗത്തിലും കോണ്ഗ്രതൃത്വം അൻവറിനോട് നീരസം പ്രകടിപ്പിച്ചിരുന്നു. തൃണമൂൽ വഴിയുള്ള മുന്നണി പ്രവേശനത്തിന് പ്രതിപക്ഷ നേതാവും രാഹുൽ ഗാന്ധിയും പ്രതിരോധം തീർക്കുമെന്ന് മനസിലാക്കിയാണ് അൻവർ ഇന്നലെ ഇരുവരോടും കുടുംബത്തോടും പരസ്യമായി മാപ്പ് ചോദിച്ചത്.
പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളിൽ അൻവർ സ്വീകരിച്ച നിലപാടിൽ പ്രതിപക്ഷ നേതാവ് കടുത്ത അമർഷം പരസ്യമായി പ്രകടിപ്പിച്ചിരുന്നു. സതീശന്റെ മുൻ നിലപാട് മാറുന്നതിനാണ് ഇന്നലെ അൻവർ പരസ്യമായി മാപ്പ് പറഞ്ഞത്. വരാൻ പോകുന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനെ പിന്തുണച്ച് 2026 ൽ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ തൃണമൂലിലൂടെ യുഡിഎഫ് ഘടകകക്ഷിയായി മാറി സുരക്ഷിതമായ ഒരു സീറ്റ് നേടി മത്സരിച്ച് വിജയിക്കാമെന്നാണ് അൻവറിന്റെ മനസിലിരിപ്പ്. യുഡിഎഫിന് അധികാരം കിട്ടിയാൽ മന്ത്രിസ്ഥാനത്ത് എത്താനും ശ്രമിക്കും.
മറ്റൊന്ന് തൃണമൂലിലുടെ രാജ്യസഭ സീറ്റ് കരസ്ഥമാക്കുകയും കേരളത്തിലെ തൃണമൂലിന്റെ സംസ്ഥാന നേതാവായി മാറുകയും അതുവഴി യുഡിഎഫിലേക്ക് കടക്കുകയുമാണ്. അതിനായി മത സാമുദായിക നേതാക്കളുമായി നല്ല ബന്ധം ഉണ്ടാക്കാനുള്ള തീവ്രശ്രമത്തിലാണ് അൻവർ. എന്നാൽ, അൻവറിന്റെ വളഞ്ഞ വഴിയിലൂടെയുള്ള യുഡിഎഫ് പ്രവേശനം തങ്ങളെ ഹൈജാക്ക് ചെയ്തുകൊണ്ടുള്ളതാണെന്ന അഭിപ്രായങ്ങളാണ് കോണ്‍ഗ്രസിലും ചില ഘടകകക്ഷി നേതാക്കളും പങ്കുവയ്ക്കുന്നത്. അൻവറിന്റെ തീരുമാനത്തിന് വഴങ്ങിടുക്കുന്നത് യുഡിഎഫിന് രാഷ്ട്രീയമായി ദോഷം വരുത്തുമെന്നും വിലയിരുത്തലുണ്ട്.
എം. സുരേഷ്ബാബു