നെടുങ്കണ്ടം: വനിതകള്‍ അധികമായി കടന്നുചെല്ലാത്ത മെന്റലിസം മേഖലയില്‍ ചുവടുറപ്പിക്കുകയാണ് ചെമ്മണ്ണാര്‍ ചെമ്പിരവിള പുത്തന്‍വീട്ടില്‍ നന്ദന മോഹന്‍ എന്ന പതിനെട്ടുകാരി.
കഴിഞ്ഞ ഒരു വര്‍ഷമായി നിരവധി സ്റ്റേജ് ഷോകളിലും കലാലയങ്ങളിലും ചാനല്‍ പരിപാടികളിലും നന്ദന മെന്റലിസം അവതരിപ്പിച്ച് കൈയടിവാങ്ങുന്നുണ്ട്.
വ്യക്തികളുടെ മനസ് വായിക്കുന്നതാണ് മെന്റലിസം. ഒരു വ്യക്തിയുടെ അടുത്ത് നിന്നോ ശരീരത്തില്‍ കൈവച്ചോ അയാളുടെ മനസ് വായിച്ച് പറയുന്ന ശാസ്ത്ര ശാഖയാണിത്. മന്ത്രവാദമോ അതീന്ദ്രിയതയോ ഒന്നുമല്ല മെന്റലിസം. ഇത് ഒരു കലയും ശാസ്ത്രവുമാണ്. ഇതാണ് മെന്റലിസത്തെപ്പറ്റിയുള്ള നന്ദനയുടെ കാഴ്ചപ്പാട്.
മികച്ച ഗായികകൂടിയായ നന്ദന ഗാനമേളകളിലെ സ്ഥിരം സാന്നിധ്യവുമാണ്. ഇതോടൊപ്പം മാന്ത്രികതയും മനഃശാസ്ത്രവും പ്രമേയമാക്കി എഴുതുന്ന ഒരു നോവലിന്റെ പണിപ്പുരയിലാണ് നന്ദന.കൂടാതെ ടെലിഫിലിം, ആല്‍ബം അഭിനേതാവ് കൂടിയാണ്.
17-ാം വയസില്‍ വേള്‍ഡ് വൈഡ് ബുക്ക് ഓഫ് റിക്കോഡ് കരസ്ഥമാക്കിയ കോഴിക്കോട് ബേപ്പൂര്‍ സ്വദേശി മുഹമ്മദ് ജാബിറിന്റെ ശിക്ഷണത്തിലാണ് നന്ദന മെന്റലിസവും ഹിപ്നോട്ടിസവും അഭ്യസിച്ചത്. മാന്നാനം കെഇ കോളജിലെ സൈക്കോളജി വിദ്യാര്‍ഥിയാണ് നന്ദന. മോഹനന്, ഗീത എന്നിവരാണ് മാതാപിതാക്കള്‍, ജിഷ്ണു സഹോദരനാണ്.