തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പടനായകനെന്ന് പ്രകീർത്തിച്ച് ഇടത് സർവീസ് സംഘടനയുടെ നേതൃത്വത്തിൽ ഗാനത്തിന്റെ റിഹേഴ്സൽ. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ഇടത് സർവീസ് സംഘടനയുടെ സുവർണ ജൂബിലി മന്ദിരത്തിന്റെ ചടങ്ങിൽ നാളെ ഗാനം ആലപിക്കും.
നൂറ് വനിതകളാണ് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഗാനം ആലപിക്കുന്നത്. റിഹേഴ്സൽ പുരോഗമിക്കുകയാണ്. ധനകാര്യവകുപ്പിലെ ജീവനക്കാരൻ ചിത്രസേനനാണ് ഗാനരചന . സംഗീതം നിയമവകുപ്പ് ജീവനക്കാരൻ വിമലാണ്.
“സമരധീര സാരഥി പിണറായി വിജയന്, പടയുടെ നടുവില്‍ പടനായകന്’ എന്ന വരികളോടെയാണു തുടങ്ങുന്ന പാട്ടിൽ ‘ഫീനിക്സ് പക്ഷിയായി മാറുവാന്‍ ശക്തമായ ത്യാഗപൂര്‍ണ ജീവിതം വരിച്ചയാളാ’ണു പിണറായിയെന്നും പുകഴ്ത്തുന്നു.
മൂന്ന് വർഷം മുൻപ് പാറശാലയിൽ നടന്ന സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയെ പുകഴ്ത്തി തിരുവാതിര അവതരിപ്പിച്ചത്. കാരണഭൂതൻ എന്ന പ്രയോഗം പിന്നീട് പ്രതിപക്ഷത്തിന്റെ പരിഹാസത്തിനും വിമർശനത്തിനും ഇടയാക്കിയിരുന്നു.
വ്യക്തികളെ പ്രകീർത്തിച്ചുകൊണ്ടുള്ള ഗാനം പാടില്ലെന്ന നിലപാടാണ് പാർട്ടി നേരത്തെ കൈക്കൊണ്ടത്. കണ്ണൂർ ജില്ലാ സെക്രട്ടറിയായിരിക്കെ പി.ജയരാജനെ കണ്ണൂരിന്റെ ചെന്താരകം എന്ന് പ്രകീർത്തിച്ച് തയാറാക്കിയ ഗാനത്തിനെതിരെ പാർട്ടി വിശദീകരണം തേടിയിരുന്നു.