തൃശൂർ: നടിക്കെതിരായ ലൈംഗികാധിക്ഷേപ കേസിൽ ജയിൽമോചിതനായ ശേഷം മാധ്യമങ്ങൾക്കു മുന്നിൽ ഖേദപ്രകടനം നടത്തി ബോബി ചെമ്മണ്ണൂർ. ഇനി ദയാർഥ പ്രയോഗങ്ങൾ ഉണ്ടാവില്ലെന്നും നിരുപാധികം മാപ്പുപറയുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
കോടതിയെ ധിക്കരിച്ചിട്ടില്ല. കോടതിയോട് ബഹുമാനം മാത്രമാണുള്ളത്. ഒരാളെയും വിഷമിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ല. ഏതെങ്കിലും തരത്തിൽ വേദനിച്ചിട്ടുണ്ടെങ്കിൽ മാപ്പു ചോദിക്കുകയാണ്. ഭാവിയിൽ സംസാരിക്കുമ്പോൾ ശ്രദ്ധിക്കുമെന്നും ബോബി ചെമ്മണ്ണൂർ കൂട്ടിച്ചേർത്തു.
ഈ പ്രശ്നങ്ങൾ ബിസിനസിനെ ബാധിച്ചിട്ടില്ല. ഹണി റോസിനെ ഇനിയും ഉദ്ഘാടനത്തിന് വിളിക്കും. സെലിബ്രിറ്റിയെ വിളിച്ചതിലൂടെയുള്ള പബ്ലിസിറ്റി ആയിരുന്നു ലക്ഷ്യം. മറ്റൊന്നും ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സാങ്കേതിക പ്രശ്നം മൂലമാണ് ചൊവ്വാഴ്ച ജയിലിൽ നിന്ന് ഇറങ്ങാൻ കഴിയാതിരുന്നതെന്നും ബോബി ചെമ്മണ്ണൂർ വിശദീകരിച്ചു. ഇന്ന് രാവിലെയാണ് റിലീസ് ഓർഡർ എത്തിയത്. മറ്റു തടവുകാരുടെ പ്രശ്നങ്ങൾ ഉള്ളത് കൊണ്ടല്ല ജയിലിൽ നിന്ന് ഇറങ്ങാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേസിൽ ബോബി നിരുപാധികം മാപ്പ് പറയണമെന്ന് ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ജാമ്യം ലഭിച്ചിട്ടും എന്തുകൊണ്ട് ചൊവ്വാഴ്ച പുറത്തിറങ്ങിയില്ലെന്നതിന് കൃത്യമായ മറുപടി വേണമെന്നും ഹൈക്കോടതി പറഞ്ഞു.
ബോബി ചെമ്മണ്ണൂർ മുതിർന്ന അഭിഭാഷകനെ പോലും അപമാനിക്കുകയാണെന്ന് പറഞ്ഞ കോടതി ബോബി നിയമത്തിനു മുകളിലാണോ എന്നും ചോദിച്ചു. ബോബി ചെമ്മണ്ണൂർ പുറത്തിറങ്ങാത്തതിൽ ഒരു തരത്തിലും ഉള്ള ന്യായീകരണവും ഇല്ല.
സീനിയർ കൗൺസിൽ രാമൻ പിള്ള കോടതിയിലേക്ക് വരേണ്ടതില്ല. ബോബി ചെമ്മണ്ണൂർ ജയിലിൽ നിന്ന് പുറത്ത് ഇറങ്ങിയതിനുശേഷം മാപ്പ് പറയുക ആണോ ചെയ്തത് എന്ന് സർക്കാർ അഭിഭാഷകർ പരിശോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. അതോ റിമാൻഡ് പ്രതികൾക്ക് വേണ്ടിയാണ് താൻ അകത്ത് തുടർന്നത് എന്ന് പറഞ്ഞോ എന്നും പരിശോധിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.