കണ്ണൂർ: പർദ ധരിച്ചെത്തി ജ്വല്ലറിയിൽനിന്ന് ഒന്നരപവന്റെ സ്വർണവള മോഷ്ടിച്ച എളയാവൂർ സ്വദേശിനിയെ കണ്ണൂർ ടൗൺ പോലീസ് കസ്റ്റഡിയിലെടുത്തു. എളയാവൂർ സ്വദേശിനിയായ 50 കാരിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഡിസംബർ 31 ന് ഉച്ചയ്ക്ക് 1.30 നായിരുന്നുകേസിനാസ്പദമായ സംഭവം.
പുതിയ ബസ് സ്റ്റാൻഡിലെ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് ജ്വല്ലറിയിൽനിന്നാണ് സ്വർണവള കവർന്നത്. ജ്വല്ലറി ജീവനക്കാരൻ കെ. സജേഷിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. പർദ ധരിച്ച് സ്വർണം വാങ്ങാനെന്ന വ്യാജേനയെത്തി ജീവനക്കാരുടെ കണ്ണുവെട്ടിച്ച് സ്വർണവള കവർന്ന് രക്ഷപ്പെടുകയായിരുന്നു.
സ്വർണത്തിൽ കുറവുവന്നതോടെ ജീവനക്കാർ സിസിടിവി പരിശോധിച്ചപ്പോഴാണ് ഇവർ വള ബാഗിൽ ഇട്ട് പുറത്തേക്ക് പോകുന്നത് കണ്ടത്. ഇന്നലെ വീണ്ടും ജ്വല്ലറിയിൽ സ്വർണം വാങ്ങാനെന്ന് പറഞ്ഞ് എത്തിയ 50 കാരിയെ ജീവനക്കാർ തിരിച്ചറിഞ്ഞതോടെ പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് കണ്ണൂർ ടൗൺ പോലീസെത്തി കസ്റ്റഡിയിൽ എടുത്തു.
പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. നഗരത്തിലെ വിവിധ ജ്വല്ലറിയിൽ സമാനമായ രീതിയിൽ മോഷണം നടത്തിയിട്ടുണ്ടെന്നും 50 തുകാരി കസ്റ്റഡിയിലായതോടെ നിരവധി ജ്വല്ലറിയിൽനിന്നു പരാതികൾ വന്നിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.