കൊച്ചി: നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസില്‍ കാക്കനാട് ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന വ്യവസായി ബോബി ചെമ്മണ്ണൂരിനെ വിഐപികള്‍ സന്ദര്‍ശിച്ച സംഭവത്തില്‍ ജയില്‍ വകുപ്പ് അന്വേഷണം നടത്തിയേക്കും. സന്ദര്‍ശനം സംബന്ധിച്ച് വിവരങ്ങള്‍ ശേഖരിച്ചതായാണ് വിവരം.
അതേസമയം, സംഭവത്തില്‍ സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഒരു ഉന്നത ഉദ്യോഗസ്ഥനൊപ്പം ബോബിയുടെ അടുപ്പക്കാര്‍ സന്ദര്‍ശക ഡയറിയില്‍ പേര് രേഖപ്പെടുത്താതെ ജയിലില്‍ സന്ദര്‍ശിച്ചു, സൂപ്രണ്ടിന്റെ ഓഫീസില്‍ ബോബിയുമായി കൂടിക്കാഴ്ച നടത്തി എന്നീ വിവരങ്ങളാണ് ജയില്‍ ആസ്ഥാനത്ത് ലഭിച്ച റിപ്പോര്‍ട്ടിലുള്ളത്.
ജയിലധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഉള്ളതായാണ് വിവരം. ബോബിയെത്തിയപ്പോള്‍ കൈയില്‍ പണമില്ലായിരുന്നു. ജയില്‍ ചട്ടം മറികടന്ന് ബോബി ചെമ്മണൂരിന് ഫോണ്‍ വിളിക്കാന്‍ 200 രൂപ നേരിട്ട് നല്കി. പിന്നീട് ഇത് രേഖകളില്‍ എഴുതി ചേര്‍ത്തെന്നും റിപ്പോര്‍ട്ടിലുണ്ട്. സംഭവത്തില്‍ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ ജയിലിലെത്തി വിവരങ്ങള്‍ ശേഖരിച്ചു.
കഴിഞ്ഞ പത്തിന് മധ്യമേഖല ജയില്‍ ഡിഐജി കാക്കനാട് ജില്ലാ ജയില്‍ സന്ദര്‍ശിച്ചിരുന്നു. തിരുവനന്തപുരത്തേയ്ക്കുള്ള യാത്രയ്ക്കിടെയാണ് ജില്ലാ ജയില്‍ സന്ദര്‍ശിച്ചതെന്ന് അദ്ദേഹം സ്ഥിരീകരിച്ചിട്ടുമുണ്ട്. ജില്ലാ ജയിലുമായി ബന്ധപ്പെട്ട് ഒരു പരാതി ലഭിച്ചു. ഇത് പരിശോധിക്കാനാണ് ജയലില്‍ പോയത്. അവിടെ വച്ച് ബോബിയെ കണ്ടിരുന്നു എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.
ബോബിക്ക് പ്രത്യേക പരിഗണനയൊന്നും ജയില്‍ വകുപ്പ് നല്‍കിയിട്ടില്ല. നിയമപ്രകാരമേ സന്ദര്‍ശകരെ ജയിലില്‍ പ്രവേശിപ്പിക്കുകയുള്ളൂ. സന്ദര്‍ശകരില്‍ വിഐപികള്‍ ആരുമില്ലെന്നുമാണ് ഡിഐജിയുടെ പ്രതികരണം. അതേസമയം ഉന്നത ഉദ്യോഗസ്ഥന്റെ ജയില്‍ സന്ദര്‍ശനം ബോബിക്ക് ജയിലില്‍ പ്രത്യേക കൗകര്യമൊരുക്കാനാണെന്നാണ് ആരോപണം.