സത്യം പറഞ്ഞാല്‍ നീലത്താമര ചെയ്യുന്ന സമയത്ത് എനിക്ക് എംടി സാറിന്റെ വലിപ്പം അറിയില്ലായിരുന്നു. കുഞ്ഞിമാളു ആകാന്‍ ആ അറിവില്ലായ്മ എന്നെ സഹായിച്ചു. സ്കൂളില്‍ നിന്ന് ഒരു നാടകം ചെയ്യാന്‍ പോകും പോലെയാണ് ഞാന്‍ നീലത്താമരയുടെ സെറ്റിലേക്ക് ചെന്നത്.
എം.ടി സാര്‍ ഒരിക്കലും അദ്ദേഹത്തിന്റെ പാണ്ഡിത്യം നമുക്ക് മുന്നില്‍ കാണിക്കില്ല. ഞാന്‍ സാറിനോട് മലയാളത്തില്‍ സംസാരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇംഗ്ലീഷിലായിരുന്നു. ഞാന്‍ ഡല്‍ഹിയില്‍ നിന്നാണെന്നും മലയാളത്തെക്കാള്‍ ഇംഗ്ലീഷാണ് ഈ കൊച്ചിന് തലയില്‍ കേറുക എന്നും അദ്ദേഹത്തിന് മനസിലായി.
അതുപോലെ ഞാന്‍ പുതുമുഖം ആയതിനാല്‍ സെറ്റില്‍ ചെറിയ രീതിയില്‍ ബുള്ളിയിംഗ് ഉണ്ടായിരുന്നു. നിനക്ക് വേലക്കാരിയുടെ റോളല്ലേ… നിലത്തിരുന്നാല്‍ മതി എന്നെല്ലാം ഒരാള്‍ വന്ന് പറഞ്ഞു. ചെറിയ റാഗിംഗ് പോലെ. ഒരുദിവസം എംടി സാര്‍ ഒന്നിച്ചിരുന്ന് കഴിക്കാന്‍ എന്നെ വിളിച്ചു.
അപ്പോള്‍ നേരത്തെ പരിഹസിച്ച ആള് വന്ന് വീണ്ടും എന്തൊക്കെയോ പറഞ്ഞു. അതോടെ ഞാന്‍ പരിഭ്രമിച്ചുപോയി. എന്റെ വെപ്രാളം സാറിന് മനസിലായോ എന്നറിയില്ല. അദ്ദേഹം എന്നോട് സംസാരിച്ചുകൊണ്ട് ചോറ് ഉരുളയാക്കി കഴിച്ച് തുടങ്ങി. അത് കണ്ടപ്പോള്‍ എനിക്ക് സന്തോഷം തോന്നി. –അർച്ചന കവി