കോട്ടയം: കൊല്ലം-ഡിണ്ടിഗൽ ദേശീയപാതയിൽ (എൻഎച്ച് 183) കോട്ടയം നഗരത്തിൽ ഉൾപ്പെടെ വിവിധ ടൗണുകളിൽ ബൈപാസ് നിർമിക്കുന്നത് സംബന്ധിച്ചും വളവുകൾ നിവർത്തുന്നത് സംബന്ധിച്ചും ആലോചിക്കുന്നതിനായി കോട്ടയം കളക്ടറേറ്റിൽ ഫ്രാൻസിസ് ജോർജ് എംപി വിളിച്ചു ചേർത്ത യോഗത്തിൽ ധാരണയായി.
പുതിയ ബൈപാസ് മണിപ്പുഴയിൽനിന്ന് ആരംഭിക്കുന്നതിന് പകരം നിലവിലുള്ള ഈരേക്കടവ് റോഡ് മുന്നോട്ടുനീട്ടി കാക്കൂർ ജംഗ്ഷൻ മുളങ്കുഴ വഴി ദേശീയ പാതയിൽ പ്രവേശിക്കണമെന്ന നിർദേശവും യോഗം അംഗീകരിച്ചു.പ്രസ്തുത റോഡ് ഈരയിൽക്കടവിൽനിന്ന് പാടശേഖരത്തിൽക്കൂടിത്തന്നെ കോട്ടയം- കറുകച്ചാൽ, പുതുപ്പള്ളി – മണർകാട്, പുതുപ്പള്ളി -പയ്യപ്പാടി, പയ്യപ്പാടി – കൊച്ചുമറ്റം എന്നീ റോഡുകൾ മറികടന്ന് പാമ്പാടി എട്ടാം മൈലിൽ ദേശീയ പാതയിൽ പ്രവേശിക്കുന്ന വിധത്തിലാണ് രൂപരേഖ തയാറാക്കിയിരിക്കുന്നത്.
പാമ്പാടി ജംഗ്ഷനിലെ റോഡ് വീതി കൂട്ടുന്നതിലെ പ്രശ്നങ്ങൾ കണക്കിലെടുത്ത് വട്ടമലപ്പടിയിൽ തുടങ്ങി കോത്തല 12-ാം മൈലിൽ എത്തുന്ന വിധത്തിലുള്ള പാമ്പാടി ബൈപാസിന്റെ സാധ്യതയും പരിശോധിക്കും. ദേശീയപാത വിഭാഗം തയാറാക്കിയ ബൈപാസിന്റെ രൂപരേഖ യോഗത്തിൽ അവതരിപ്പിച്ചു.
കുമളി മുതൽ കോട്ടയം വരെ 24 മീറ്ററും കോട്ടയം മുതൽ കൊല്ലം വരെ 30 മീറ്ററും വീതിയിൽ റോഡ് വികസിപ്പിക്കാനാണ് ദേശീയപാതാ വിഭാഗം തീരുമാനിച്ചിരിക്കുന്നത്. 12.600 കിലോമീറ്റർ ദൂരവും 30 മീറ്റർ വീതിയുമുള്ള ബൈപാസ് റോഡ് ഏഴ് കിലോമീറ്ററും പാടശേഖരത്തിലൂടെയായിരിക്കും കടന്നുപോകുന്നത്.
ഗവൺമെന്റ് ചീഫ് വിപ്പ് ഡോ.എൻ. ജയരാജ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് അംഗം വി. രാധ, ദേശീയപാതാ വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ സി. രാകേഷ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എ.എസ്. സുര, അസിസ്റ്റന്റ് എൻജിനീയർ കെ.എം. അരവിന്ദ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.