കോഴിക്കോട്: തദ്ദേശതെരഞ്ഞെടുപ്പിനു മുന്‍പ് മുസ്ലിം ലീഗും സമസ്തയും തമ്മിലുള്ള തര്‍ക്കം തീർക്കാൻ ഇരുവിഭാഗ ത്തിന്റെയും നേതൃത്വങ്ങൾ അയയുന്നു. തെരഞ്ഞെടുപ്പില്‍ കൂടുതല്‍ തദ്ദേശസ്ഥാപനങ്ങളില്‍ ഭരണം പിടിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് മലബാറില്‍ ലീഗ് തുടക്കമിടുന്നത്.
പല തദ്ദേശ സ്ഥാപനങ്ങളിലും ചെറിയ ഭൂരിപക്ഷത്തിലാണ് ഭരണം നിശ്ചയിക്കപ്പെടുന്നത് എന്നതിനാല്‍ സമസ്തയിലുള്ള ലീഗ് വിരുദ്ധരുടെ കൂടി പിന്തുണതേടി മുന്നോട്ടുപോകാനാണ് മുസ്ലിം ലീഗ് നേതൃത്വത്തിന് താത്പര്യം. കഴിഞ്ഞദിവസം നടന്ന ചര്‍ച്ചയില്‍ വീണ്ടും വിവാദങ്ങള്‍ തലപൊക്കിയെങ്കിലും തുടര്‍ചര്‍ച്ചകള്‍ക്കുള്ള സാഹചര്യം ഇന്നലെ സമസ്ത നേതാക്കള്‍ നടത്തിയ മാപ്പുപറച്ചിലിലൂടെ സംജാതമായിട്ടുണ്ട്.
സമസ്തയിലെ ലീഗ് വിരുദ്ധരും അവര്‍ക്ക് പുറത്തുനിന്നു കിട്ടുന്ന സഹായവും മലബാറില്‍ മുസ്ലിം വിഭാഗങ്ങള്‍ക്കിടയില്‍ ചേരിതിരിവുണ്ടാക്കിയിട്ടുണ്ടെന്നും ഇത് ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ മലബാറിലെ വോട്ടുബാങ്കില്‍ വലിയ ചോര്‍ച്ചയുണ്ടാക്കുമെന്നും മുസ്ലിം ലീഗ് നേതൃത്വത്തിന് അറിയാം. പ്രത്യേകിച്ചും സിപിഎം മുസ്ലിം വോട്ട് ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍.
സമുദായിക രംഗത്തും സംഘടനാ രംഗത്തും ഐകൃത്തോടെ മുന്നോട്ട് പോവുന്നതിന് എന്ത് വിട്ടു വീഴ്ചയ്ക്കും തയാറാണെന്ന് ലീഗ് വിരുദ്ധ പക്ഷക്കാരായ ഉമര്‍ ഫൈസി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇന്നലെ വാര്‍ത്താക്കുറുപ്പിലൂടെ അറിയിച്ചത് 23ന് നടക്കുന്ന തുടര്‍ചര്‍ച്ചകള്‍ക്കു കരുത്തേകും. കഴിഞ്ഞ ദിവസമാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വീട്ടിലെത്തി സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗം നേതാക്കള്‍ ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തിയത്. പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളുടെയും പി.കെ. കുഞ്ഞാലിക്കുട്ടിയുടെയും സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച.
പാണക്കാട് തങ്ങളുടെ ഖാസി സ്ഥാനത്തെ ചോദ്യം ചെയ്തതില്‍ ഉമര്‍ ഫൈസി മുക്കവും കോഴിക്കോട് ബിഷപ്പില്‍നിന്ന് കേക്ക് കഴിച്ചത് വിമര്‍ശിച്ചതില്‍ ഹമീദ് ഫൈസി അമ്പലക്കടവും പാണക്കാട് സാദിഖലി ശിഹാബ് തങ്ങളോട് ചര്‍ച്ചയില്‍ ഖേദം പ്രകടിപ്പിച്ചു. എന്നാല്‍ വിമര്‍ശനം പൊതുസമൂഹത്തിനു മുന്നിലാണു നടത്തിയതെന്നതിനാല്‍ ഖേദപ്രകടനവും പരസ്യമായിതന്നെ നടത്തണമെന്ന് പാണക്കാട് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും നിര്‍ദ്ദേശിച്ചു.
ഇക്കാര്യം ജിഫ്രി തങ്ങളും സമ്മതിച്ചു. എന്നാല്‍ വാര്‍ത്താസമ്മേളനത്തില്‍ ഖേദപ്രകടനം നടത്തിയതു മറച്ചുവച്ചത് പാണക്കാട് തങ്ങളെ പ്രകോപിച്ചിച്ചു. ഇതോടെ ചര്‍ച്ച വീണ്ടും തെറ്റിപ്പിരിയുന്നതിലേക്ക് നയിച്ചിരുന്നു. എന്നാല്‍ ഇന്നലെ സമ്സത നേതാക്കള്‍ ഖേദപ്രകടനവുമായി എത്തിയതോടെ മഞ്ഞുരുകി.
സ്വന്തം ലേഖകൻ