ചാത്തന്നൂർ: കെഎസ്ആർടിസിയുടെ ഓരോ ബസും ഇതുവരെ ഓടിയത് ആറ് തവണ ചന്ദ്രനിൽ പോകുന്നതിലുമധികം ദൂരമെന്ന് ജീവനക്കാരുടെ സംഘടനയായ ഫോറം ഫോർ ജസ്റ്റീസ്. സുരക്ഷിത യാത്ര സമയ ലാഭം എന്ന ഗതാഗത മന്ത്രിയുടെ ഉറപ്പിന് യാതൊരു ഗ്യാരന്റിയുമില്ലാത്ത അവസ്ഥയിലാണ് കെ എസ് ആർടി സി ബസുകളുടെ സ്ഥിതിയെന്നും ആരോപണം.
ഇപ്പോൾ നിരത്തിലൂടെ സർവീസ് നടത്തുന്ന ഓരോ ബസുകളും 15 വർഷത്തിലേറെ പഴക്കമുള്ളതും 19 ലക്ഷത്തിലധികം കിലോ മീറ്ററുകൾ ഓടിയിട്ടുള്ളതുമാണ്. കെ എസ് ആർടിസിയുടെ ഒരു ബസ് ഒരു ദിവസം ഏറ്റവും കുറഞ്ഞത് 350 കി.മി. ഓടുന്നുണ്ട്. കഴിഞ്ഞ 15 വർഷത്തിലധികമായി ഓരോ വർഷവും ഇങ്ങനെ ഓടുകയാണ്.
ഒരു ദിവസം 350 കിലോമീറ്റർ എന്ന കണക്കനുസരിച്ച് 15 വർഷം കൂട്ടുമ്പോൾ 1916 250 കിലോമീറ്ററാണ് ഓടിയിട്ടുള്ളത്. ദീർഘദൂര സർവീസുകൾ ഇതിലുമധികം കിലോമീറ്റർ ഓടിയിട്ടുണ്ട്. ചന്ദ്രനിലേയ്ക്കുള്ള ദൂരം 384400 കിലോമീറ്ററാണെന്ന് ജീവനക്കാർ. കാലപ്പഴക്കവും തേയ്മാനവും തന്നെയാണ് അപകടങ്ങൾക്ക് പ്രധാന കാരണമെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.
2014 ൽ 6300 ബസുകൾ കെ എസ് ആർ ടി സിയ്ക്ക് ഉണ്ടായിരുന്നു. കാലപഴക്കം ചെന്ന1047 ബസുകൾ പൊളിച്ചു വിറ്റു. 2016ന് ശേഷം കെ എസ് ആർടി സി ഒരു ബസു പോലും പുതുതായി വാങ്ങിയിട്ടില്ല. പല തവണ ബസ് വാങ്ങാൻ ശ്രമിച്ചെങ്കിലും യഥാസമയം പണം ലഭ്യമാകാത്തതിനാൽ ആ ശ്രമങ്ങൾ ഉപേക്ഷിക്കേണ്ടിവന്നു.
സംസ്ഥാന സർക്കാർ ബജറ്റിൽ വർഷം തോറും കോടികൾ കെ എസ് ആർടിസിയ്ക്ക് വകയിരുത്തുമെങ്കിലും ആതുക ഒന്നിച്ച് കൈമാറാറില്ല. 20-ഉം,30-ഉം 50 ഉം കോടികളായാണ് നല്കുന്നത്. ഈ തുക ശമ്പളം വിതരണം ചെയ്യാനേ ഉപകരിക്കാറുള്ളൂ.
മറ്റ് സംസ്ഥാനങ്ങളെപ്പോലെ ബജറ്റിൽ വകയിരുത്തുന്നതുക ഒന്നിച്ചോ രണ്ടോമൂന്നോ തവണയായെങ്കിലും നല്കിയാൽ അത് കെ എസ് ആർ ടി സി ക്ക് ബസ് വാങ്ങുന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് വിനിയോഗിക്കാൻ കഴിയുമായിരുന്നു എന്നും ജീവനക്കാർ അഭിപ്രായപ്പെട്ടു.
- പ്രദീപ് ചാത്തന്നൂർ